ശ്രീനഗർ :കശ്‌മീര്‍ കത്രയിലെ മാത വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയാണ് ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം പുറപ്പെടുവിച്ചത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായെ വിവരം ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ALSO READ:വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
'ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ ജിയുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയുണ്ടായി. അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എ.ഡി.ജി.പി, ജമ്മു ഡിവിഷണൽ കമ്മിഷണർ എന്നിവരടങ്ങിയ സംഘം അന്വേഷണ സമിതിയെ നയിക്കും' - സിൻഹ ട്വീറ്റ് ചെയ്‌തു.
വൈഷ്ണോ ദേവി ക്ഷേത്ര അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനന്‍റ് ഗവർണർ. തിക്കിനും തിരക്കിനും കാരണമായത് തര്‍ക്കം
ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകും. പരിക്കേറ്റവരുടെ ചികിത്സ ചെലവ് ദേവസ്വം ബോർഡ് വഹിക്കും. മരണത്തിന് പുറമെ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. മരണ സംഖ്യ ഇനിയും ഉയർന്നേൽക്കുമെന്നാണ് റിപ്പോർട്ടുകള്‍.
ശനിയാഴ്ച പുലർച്ചയോടെയാണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള നരെയ്‌ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവത്സരദിനത്തോട് അനുബന്ധിച്ച് ആയിരക്കണക്കിനാളുകളാണ് വെള്ളിയാഴ്ച ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയത്.
ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ജമ്മു കശ്‌മീര്‍ സ്വദേശികളുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പുലർച്ചെ 2:45 നാണ് സംഭവം. കുറച്ച് ആൺകുട്ടികൾക്കിടയിലുണ്ടായ തര്‍ക്കമാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് ഔദ്യോഗിക നിഗമനം.
ALSO READ:വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി