മുംബൈ: കൊവിഡ് വാക്‌സിൻ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. വാക്‌സിൻ ക്ഷാമം കാരണം മുംബൈയിലെ 26 വാക്സിൻ സെന്‍ററുകൾ അടച്ചു. ഏതാനം ദിവസത്തേക്ക് കൂടിയുള്ള വാക്‌സിൻ മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിന് ക്ഷാമം - മഹാരാഷ്ട്ര
ആറ് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം നേരിടാനും സാധ്യതയെന്ന് ആരോഗ്യമന്ത്രി
കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിച്ച് കൊണ്ടിരിക്കുന്നു. ആറ് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഓക്‌സിജൻ വിതരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിനാവശ്യമായ എല്ലാ സഹായവും ചെയ്‌ത് നൽകണമെന്ന് എൻസിപി നേതാവ് ശരദ് പവാർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനോട് ആവശ്യപ്പെട്ടു.
അതേസമയം മഹാരാഷ്ട്രയിൽ ആഴ്ചയിൽ 40 ലക്ഷം വാക്സിൻ ഡോസുകൾ ആവശ്യമാണെന്നും രാജേഷ് ടോപ്പെ പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാനത്തിന് 7.5 ലക്ഷം ഡോസുകൾ ലഭിച്ചു. ഏപ്രിൽ 15ന് ശേഷം സംസ്ഥാനത്ത് 17.5 ലക്ഷം ഡോസുകൾ കൂടി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി രാജേഷ് ടോപ്പെ വ്യക്തമാക്കി. സംസ്ഥാനത്തിന് 7.5 ലക്ഷം ഡോസുകൾ ലഭിച്ചപ്പോൾ ഉത്തർപ്രദേശിന് 48 ലക്ഷം ഡോസും മധ്യപ്രദേശ് 40 ലക്ഷവും ഗുജറാത്ത് 30 ലക്ഷവും ഹരിയാനയ്ക്ക് 24 ലക്ഷവുമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 12 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയ്ക്ക് ഇതുവരെ 1.04 കോടി ഡോസുകൾ ലഭിച്ചപ്പോൾ ആറ് കോടി ജനസംഖ്യയും 17,000 സജീവ രോഗബാധിതരുമുള്ള ഗുജറാത്തിന് ഒരു കോടി ഡോസ് ലഭിച്ചിട്ടുണ്ടെന്നും രാജേഷ് ടോപ്പെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കൊവിഡ് വർധനവ് കണക്കിലെടുത്ത് 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.