സിയാറ്റിൽ : ക്യാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. തുടര്‍ച്ചയായ പരീക്ഷണങ്ങളില്‍ നിന്നുള്ള ചില ഫലങ്ങളാണ് ഗവേഷണത്തില്‍ പുരോഗതി സൃഷ്‌ടിച്ചതെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വാക്‌സിനുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് ശാസ്‌ത്രലോകം കരുതുന്നത്.
വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത് :പരമ്പരാഗത വാക്‌സിനുകള്‍ പോലെ ഇവ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നില്ല. എന്നാല്‍, ക്യാന്‍സര്‍ കോശങ്ങളെ സങ്കോചിപ്പിക്കുവാനും രോഗം വീണ്ടും വരുന്നത് തടയാനും ഇതുകൊണ്ട് സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ടെത്തിയ ഈ വാക്‌സിന്‍ സ്‌തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം എന്നിവയെയാണ് പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്.
പരീക്ഷണങ്ങള്‍ ഊര്‍ജിതമാക്കാന്‍ പല ഘടകങ്ങളും പ്രേരണയാകുന്നുണ്ടെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഇമ്മ്യൂണ്‍ തെറാപ്പിസ്‌റ്റ് ഡോ. ജെയിംസ് ഗല്ലി പറഞ്ഞു. ശരീര കോശങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് എങ്ങനെയെന്നും അതിനെ ഏതുവിധം പ്രതിരോധിക്കാമെന്നുമാണ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. മറ്റ് ഇമ്മ്യൂണോ തെറാപ്പികളെ പോലെ തന്നെ ക്യാന്‍സര്‍ വാക്‌സിനുകള്‍ ശരീരത്തിന്‍റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നു.
ഇത്തരത്തില്‍ ക്യാന്‍സര്‍ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത എംആര്‍എന്‍എ വാക്‌സിനുകള്‍ ആദ്യമായി കൊവിഡിനെതിരെയാണ് പരീക്ഷിച്ചത്. ഒരു വാക്‌സിന്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ഈ രോഗത്തിന്‍റെ മാരകാവസ്ഥയെക്കുറിച്ച് മനസിലാക്കേണ്ടതുണ്ടെന്ന് സിയാറ്റിലെ യുഡബ്ല്യു ക്യാന്‍സര്‍ വാക്‌സിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഡോ നോറ ദിസിസ് പറഞ്ഞു. ഒരിക്കല്‍ ടി സെല്ലുകളെ രോഗപ്രതിരോധം പരിശീലിപ്പിച്ചാല്‍ ശരീരത്തിന്‍റെ ഏത് ഭാഗങ്ങളിലുമുള്ള ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്തി ചെറുക്കാനും അത് സഹായകമാകും - അവര്‍ കൂട്ടിച്ചേര്‍ത്തു.
രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന വാക്‌സിന്‍ കണ്ടെത്തുക അസാധ്യം :ക്യാന്‍സര്‍ രോഗത്തിനെതിരെ പൂര്‍ണമായും പൊരുതുന്ന ഒരു വാക്‌സിന്‍ കണ്ടെത്തുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പ്രൊസ്‌ട്രേറ്റ് ക്യാന്‍സറിന് എതിരെ പൊരുതുവാന്‍ കണ്ടുപിടിച്ചതും 2010ല്‍ യു എസ് അംഗീകാരം നല്‍കിയതുമായ വാക്‌സിന്‍ ആയിരുന്നു പ്രൊവേഞ്ച്. പ്രൊസ്‌ട്രേറ്റ് ക്യാന്‍സറിന്‍റെ ആദ്യ ഘട്ടത്തിലും ത്വക്കിലെ ക്യാന്‍സറിന്‍റെ മാരക അവസ്ഥയ്‌ക്കും വാക്‌സിനുകള്‍ ഉണ്ട്.
എന്നാല്‍ മുന്‍ കാലങ്ങളിലെ ക്യാന്‍സര്‍ വാക്‌സിന്‍ സംബന്ധിച്ച പല കണ്ടെത്തലും പരീക്ഷണവും തികഞ്ഞ പരാജയമായിരുന്നു. എന്നാല്‍, ഇതില്‍ നിന്നെല്ലാം കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്നതെന്ന് ഗവേഷകയായ ഒള്‍ജ ഫിന്‍ പറഞ്ഞു. രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാകുമെന്നും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നേരെ മറിച്ചാണെന്നും അവര്‍ പറയുന്നു.
ക്യാന്‍സറിനെ പൂര്‍ണമായും തടയുന്ന വാക്‌സിനുകള്‍ ഇനി പുറത്തിറങ്ങേണ്ടിയിരിക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ കരളിലെ ക്യാന്‍സറിനെ തടയുന്നു. 2006ൽ അവതരിപ്പിച്ച എച്ച്പിവി വാക്‌സിനുകൾ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കും.
പരീക്ഷണത്തില്‍ ആരോഗ്യമുള്ളവരും :വാക്‌സിന്‍റെ പരിശോധനകള്‍ക്കായി ഫിലാഡല്‍ഫിയയിലെ ഡോ സൂസന്‍ ഡോംചെക്ക് ബിആര്‍സിഎ പരിവര്‍ത്തനമുള്ള, ആരോഗ്യമുള്ള 28 ആളുകളെ വാക്‌സിന്‍ പരീക്ഷണത്തിനായി കണ്ടെത്തി. ഇത്തരം പരിവര്‍ത്തനങ്ങള്‍ ഉള്ളവര്‍ക്ക് ഗര്‍ഭപാത്രത്തിലെ ക്യാന്‍സറിനും ബ്രെസ്‌റ്റ് ക്യാന്‍സറിനും സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ആളുകളെ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത് വഴി ക്യാന്‍സര്‍ കോശങ്ങളെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നശിപ്പിക്കാന്‍ സാധിക്കുന്നു.
വാക്‌സിനുകളെ അപേക്ഷിച്ച് ക്യാന്‍സര്‍ വാക്‌സിന് വില അധികമായിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. എന്നിരുന്നാലും തങ്ങള്‍ ഒരൊറ്റ വ്യക്തിക്ക് വേണ്ടിയല്ല നിരവധി രോഗികള്‍ക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.