ഭോപ്പാൽ:മധ്യപ്രദേശിൽ 18 മുതൽ 45 വയസ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ മെയ് ഒന്നുമുതൽ ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ വാക്‌സിൻ നിർമാതാക്കളുമായി സംസ്ഥാന സർക്കാർ സംസാരിച്ചതായും കൂടുതൽ വാക്‌സിനുകൾ നൽകാൻ അവർക്ക് സാധിക്കില്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ മെയ് ഒന്നിന് ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ വാക്‌സിൻ ക്ഷാമം തടസമായി. അതിനാൽ വാക്‌സിനേഷൻ നിശ്ചയിച്ച ദിവസം നടക്കില്ല.
വാക്‌സിനേഷൻ മെയ് ഒന്നുമുതൽ ആരംഭിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി - vaccination will not start from May 1
സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ വാക്‌സിൻ നിർമാതാക്കളുമായി സംസ്ഥാന സർക്കാർ സംസാരിച്ചതായും കൂടുതൽ വാക്‌സിനുകൾ നൽകാൻ അവർക്ക് സാധിക്കില്ലെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു
ഇക്കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ഡോസുകൾ ലഭിച്ചാലുടൻ വാക്‌സിനേഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 18നും 45നും ഇടയ്‌ക്ക് പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സർക്കാരും 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ എടുക്കാമെന്ന് കേന്ദ്രസർക്കാരും പ്രഖ്യാപിച്ചു കഴിഞ്ഞു.
മധ്യപ്രദേശിൽ 12,762 പുതിയ കേസുകളും 95 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,50,927 ആയി ഉയർന്നു. ആകെ 4,53,331 പേർ രോഗമുക്തി നേടിക്കഴിഞ്ഞു. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 21.4 ശതമാനമാണ്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍റെ മൂന്നാം ഘട്ട രജിസ്ട്രേഷൻ ബുധനാഴ്‌ച വൈകുന്നേരം നാല് മണി മുതൽ ആരംഭിച്ചു. കൊവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുമാണ് രജിസ്റ്റർ ചെയ്യുന്നത്.