തിരുവനന്തപുരം: മുസാഫർനഗര്‍ സംഭവം രാജ്യത്തിന് നാണക്കേടെന്നും അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്നും അഭ്യർഥിച്ച് യുപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty React Muzaffarnagar Issue) പറഞ്ഞു. വീഡിയോ ദൃശ്യം കണ്ടപ്പോൾ ദയനീയ സ്ഥിതിയാണ് അനുഭവപ്പെട്ടത്. കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുത്ത് മാതൃക കാണിക്കേണ്ട പൊലീസും ടീച്ചറുടെ പേരിൽ നിസാര കേസ് എടുത്തിരിക്കുന്നുവെന്നതും തെറ്റെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തല്ലിയ വിദ്യാർഥികൾ പിന്നീട് തല്ലുകൊണ്ട കുട്ടിയെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്. കുട്ടികൾ തമ്മിൽ സ്നേഹമാണുള്ളത്. എന്നാൽ അമ്മയുടെ സ്ഥാനമുള്ള ടീച്ചർ കുട്ടികളോട് വേർതിരിവ് നടത്തുന്നു. രാജ്യത്തിന്റെ സംസ്കാരത്തിന് തന്നെ എതിരാണ് ഇത്തരം സംഭവം. ഒരിക്കലും പ്രോത്സാഹനം അർഹിക്കാത്തതെന്നും മന്ത്രി പറഞ്ഞു.