ന്യൂഡല്‍ഹി: ഖാര്‍കീവിലുള്ള വിദ്യാര്‍ഥികളോട് ബങ്കറില്‍ തന്നെ തുടരണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യന്‍ എംബസി പുറത്തെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് വരെ ബങ്കറില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം. ഖാര്‍കീവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയത്തിനിടെയാണ് വിദ്യര്‍ഥികളോട് അഭ്യര്‍ഥനയുമായി മുരളീധരന്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. 40 കിലോമീറ്റർ ദൂരം മാത്രമാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് ഉള്ളൂവെങ്കിലും കനത്ത ഷെല്ലാക്രമണമുള്ളതിനാല്‍ റോഡ് മാര്‍ഗം ബുദ്ധിമുട്ടാണെന്ന് വി മുരളീധരന്‍ പറഞ്ഞു. ഖാര്‍കീവിലുള്ള ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നേരത്തേ വ്യക്തമാക്കിയിരുന്നു.
Also read: കീവിലെ എംബസി അടച്ചു ; എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി
ഖാര്‍കീവില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ പുറത്തെത്തിക്കുന്നതിനായി സുരക്ഷിത സഞ്ചാരപഥം ഒരുക്കണമെന്ന് റഷ്യന്‍, യുക്രൈന്‍ അംബാസഡര്‍മാരോട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഖാര്‍കീവില്‍ വെള്ളം, ഭക്ഷണം, മരുന്ന് എന്നിവയുടെ അപര്യാപ്‌തതയുണ്ടെന്നും യുക്രൈന്‍ സര്‍ക്കാരുമായും റെഡ് ക്രോസുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഫോണിലൂടെയും വാട്‌സ്ആപ്പ് വഴിയും ബന്ധപ്പെടുന്നുണ്ട്. മാതാപിതാക്കളുടെ ആശങ്ക മനസിലാകുന്നുണ്ട്. എന്നാല്‍ സാഹചര്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം' - മുരളീധരന്‍ പറഞ്ഞു. 4,000 ഇന്ത്യക്കാരാണ് ഖാര്‍കീവിലും സുമിയിലുമായി കുടുങ്ങിക്കിടക്കുന്നത്. യുക്രൈനില്‍ കുടുങ്ങിപ്പോയവരില്‍ 2,012 ഇന്ത്യക്കാര്‍ ഇതുവരെ സുരക്ഷിതമായി തിരികെയെത്തിയിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.