ലഖ്‌നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യവുമായി പ്രിയങ്ക ഗാന്ധി. അതിന്‍റെ ഭാഗമായി ലഖ്‌നൗവിലെ വിവിധ പ്രദേശങ്ങളിൽ പ്രിയങ്ക സന്ദർശനം നടത്തി.
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസിനെ സമീപിക്കുന്ന ഏതൊരു പാർട്ടിയുമായും ചർച്ചക്ക് തയ്യാറാണെന്നും പാർട്ടിയെ അടിത്തട്ടിൽ നിന്നും ശക്തിപ്പെടുത്തുകയെന്നതാണ് നിലവിലെ മുൻഗണനയെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിൽ അഞ്ച് എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ വർഷം ഓഗസ്റ്റ് മുതൽ യുപിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാർട്ടി ഉണരേണ്ട സമയമാണെന്ന് തിരിച്ചറിയുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു.
'അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തണം'
കോൺഗ്രസ് പാർട്ടിയെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഓരോ ഗ്രാമങ്ങളിലും അഞ്ചോ, ആറോ പ്രവർത്തകർ മാത്രമാണുള്ളതെന്നും ഇത് മെച്ചപ്പെടുത്താനായുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പലവിധ കാരണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞു പോയവരെ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
മുൻ എംഎൽഎമാർക്കും എം.പിമാർക്കും അവസരം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കൂടാതെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളിൽ പങ്കെടുക്കണമെന്ന നിർദേശവും ഇവർക്ക് പ്രിയങ്ക ഗാന്ധി നൽകി.
സഖ്യത്തിന് തയ്യാർ; എന്നാൽ പാർട്ടിയും പ്രഥമ പരിഗണന
മൂന്ന് പതിറ്റാണ്ടായി യുപിയിൽ ഭരണത്തിലേറാൻ സാധിക്കാത്ത കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഉത്തർ പ്രദേശിന്‍റെ ചുമതല നിർവഹിക്കുന്ന പ്രിയങ്ക ഗാന്ധിക്കും ഈ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. പാർട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനമാകും കോൺഗ്രസ് സ്വീകരിക്കുകയെന്നും തെരഞ്ഞെടുപ്പ് സഖ്യങ്ങൾ രണ്ടാമത്തെ പരിഗണന വിഷയം മാത്രമാണെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്‌ച
അടുത്തിടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 2024ൽ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കും അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുമായി കോൺഗ്രസിന്‍റെ തന്ത്രങ്ങൾ മെനയുന്നതിൽ പ്രശാന്ത് കിഷോർ വലിയ പങ്കു വഹിക്കുമെന്നാണ് കൂടിക്കാഴ്‌ചയെപ്പറ്റി രാഷ്‌ട്രീയ നിരീക്ഷകർ പറഞ്ഞു വക്കുന്നത്.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഏകോപിപ്പിച്ച പ്രശാന്ത് കിഷോർ ബിഹാറിൽ നിതീഷ് കുമാറിന് വേണ്ടിയും തമിഴ്‌നാട്ടിൽ ഡിഎംകെക്ക് വേണ്ടിയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.
READ MORE:പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറും