ഉത്തരകാശി (ഉത്തരാഖണ്ഡ്) : ഉത്തരകാശിയില്‍ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നുവീണ് നിരവധി തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് (Uttarkashi tunnel collapse). എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ച് സംഘം അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ലോഡർ ഓപ്പറേറ്റർ മൃതുഞ്ജയ് കുമാർ പറഞ്ഞു (Rescue operation is in progress).
'ലോഡറും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങള്‍ നടക്കുന്നു. ഏകദേശം 30-35 മീറ്റർ തുരങ്കം തകർന്നു. പുലർച്ചെ 5:30 ഓടെയാണ് സംഭവം. ഏകദേശം 40-45 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌ഡിആർഎഫ്(State Disaster Response Force - SDRF) സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കുന്നതിനാണ് ഭരണകൂടത്തിന്‍റെ മുൻഗണനയെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും ഉത്തരകാശി ജില്ല കലക്‌ടര്‍ അഭിഷേക് റൂഹേല പറഞ്ഞു. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയ ഡിഎം, അവരവരുടെ ജോലിസ്ഥലങ്ങളിൽ ഉടൻ റിപ്പോർട്ട് ചെയ്യാനും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കാനും നിർദേശം നൽകി.
ഉത്തരകാശി എസ് പി അർപൻ യദുവൻഷി പറയുന്നതനുസരിച്ച്, സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ് തകർന്നു വീണത്. ബ്രഹ്മഖൽ-പോൾഗാവിലെ സിൽക്യാര ഭാഗത്തുള്ള തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റർ അകലെയാണ് തകർന്നത്. ചാർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.