ഉത്തരകാശി (ഉത്തരാഖണ്ഡ്): 15 ദിവസമായി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനായി വിന്യസിച്ച ദൗത്യസേനയെ സഹായിക്കാൻ കേരളത്തിൽ നിന്നും ഒരാൾ ഉത്തരകാശിയില്‍(Kerala man comes to help Uttarkashi rescue team). പാലക്കാട് സ്വദേശി സമീർ കരിമ്പ എന്ന നാൽപ്പത്തിയൊന്നുകാരനാണ് സംഭവസ്ഥലത്ത് എത്തിയത്. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്നാണ് സമീർ അറിയിച്ചത്.
15 ദിവസമായി പുറംലോകം കാണാതെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോടുള്ള സഹാനുഭൂതിയാണ് പാലക്കാട് നിന്നും ഉത്തരാഖണ്ഡ് വരെ യാത്ര ചെയ്യാൻ സമീറിനെ പ്രേരിപ്പിച്ചത്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവണമെന്ന ആഗ്രഹത്തോടെയാണ് ചെന്നതെങ്കിലും അതിനായുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാൽ രക്ഷാപ്രവർത്തകരോടൊപ്പം കൂടാനായില്ല. ഇതിനാൽ ദൗത്യസേനക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌ത് തന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സമീർ(Uttarkashi tunnel collapse rescue operation).
സമീർ മുൻപും ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടവരെ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. മുംബൈ നിവാസിയായ ഹർഷ കൊട്ടേജയാണ് മറ്റ് സ്ഥലങ്ങളിൽ പോകാൻ സമീറിന് സാമ്പത്തിക സഹായം നൽകുന്നത്. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ കുറിച്ച് കൊട്ടേജ തന്നെയാണ് ഇദ്ദേഹത്തെ അറിയിച്ചത്.
തുടർന്ന് നവംബർ 21ന് ഇദ്ദേഹം ഉത്തരകാശിയിലെത്തുകയായിരുന്നു. തുരങ്കത്തിനുള്ളിൽ പോയി രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിച്ചില്ലെങ്കിലും രക്ഷാപ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വേണ്ടി മറ്റ് സഹായങ്ങൾ എത്തിക്കുകയാണ് സമീർ. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതുവരെ താൻ ദുരന്ത സ്ഥലത്ത് ഉണ്ടാകുമെന്നും ആവശ്യമായ എല്ലാവിധ സേവനങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.