ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മൗണ്ട് ദ്രൗപതി കാ ദണ്ഡ-2 കൊടുമുടിയിൽ ചൊവ്വാഴ്‌ചയുണ്ടായ(ഒക്‌ടോബര്‍ 4) ഹിമപാതത്തിൽ പത്ത് മരണം. നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ 41 അംഗ സംഘമാണ് കഴിഞ്ഞ ദിവസം മല മുകളിൽ കുടുങ്ങിയത്. ഉത്തരകാശി ആസ്ഥാനമായുള്ള എൻഐഎമ്മിൽ നിന്നുള്ള 34 ട്രെയിനി പർവതാരോഹകരും ഏഴ് ഇൻസ്ട്രക്‌ടർമാരും അടങ്ങുന്ന സംഘം ചൊവ്വാഴ്‌ച രാവിലെ പർവ്വതാരോഹണം കഴിഞ്ഞ് മടങ്ങുമ്പോൾ 8.45 ഓടെ 17,000 അടി ഉയരത്തിൽ ഹിമപാതമുണ്ടാവുകയായിരുന്നു.
പ്രദേശത്ത് കുടുങ്ങിപ്പോയ സംഘത്തിൽ പത്ത് പേർ മരണപ്പെട്ടതായും നാലു പേരുടെ മൃതദേഹം കണ്ടെടുത്തതായും പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്‌ത് അറിയിച്ചു. അഞ്ച് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിലെ മൂന്ന് ഇൻസ്ട്രക്‌ടർമാരും അടങ്ങുന്ന സംഘത്തെ ഇറക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. ഇരുട്ടും മോശം കാലാവസ്ഥയും കാരണം രാത്രി രക്ഷാപ്രവർത്തനം നടത്താനായില്ല.