ഉത്തരകാശി (ഉത്തരാഖണ്ഡ്):ഉത്തരകാശി ജില്ലയിലെ ദ്രൗപതി ദണ്ഡ 2 ലെ കൊടുമുടിയിൽ ചൊവ്വാഴ്‌ച (04.10.2022) പുലർച്ചെയുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ പത്ത് പർവതാരോഹകരിൽ ഏഴ് പർവതാരോഹകരുടെ മൃതദേഹങ്ങളും ഇന്ന് (07.10.2022) കണ്ടെടുത്തിട്ടുണ്ട്. അതേസമയം മൂന്ന് പർവതാരോഹകരെ കണ്ടെത്താനായില്ലെന്ന് ഡിജിപി അശോക് കുമാർ അറിയിച്ചു.
ഉത്തരകാശിയിലെ ഹിമപാതം; ഏഴ് പർവതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു - ഹിമാലയൻ
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദ്രൗപതിയുടെ ദണ്ഡ 2 ലെ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ കാണാതായ ഏഴ് പർവതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കണ്ടെടുത്ത മൃതദേഹങ്ങൾ ആധുനിക ലൈറ്റ് ഹെലികോപ്റ്ററിൽ മൗലി ഹെലിപാഡിലെത്തിച്ചുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് 30 രക്ഷാസംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഹിമാലയൻ മേഖലയിൽ പരിശീലനത്തിന് പോയ ഒരു ഇൻസ്‌റ്റിറ്റ്യൂട്ടിലെ 42 പർവതാരോഹകരുടെ സംഘം ചൊവ്വാഴ്‌ച പുലർച്ചെയാണ് ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലെ ഹിമപാതത്തിൽ അകപ്പെടുന്നത്.
പർവതാരോഹണ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അപകടത്തെത്തുടർന്ന് രക്ഷാപ്രവര്‍ത്തനം അന്ന് തന്നെ ആരംഭിച്ചു. മാത്രമല്ല ഹിമപാതത്തിൽ കുടുങ്ങികിടക്കുന്ന പർവതാരോഹകരെ കണ്ടെത്താൻ ജമ്മു കശ്‌മീരിലെ ഗുൽമാർഗിലുള്ള ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്‌കൂൾ (എച്ച്‌എഡബ്ല്യുഎസ്) നിന്നുള്ള സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദുരന്തനിവാരണ സേന, ജില്ലാ ഭരണകൂടം എന്നിവർ നിലവില്‍ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്.