രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുള്ള ഗൗരികുണ്ഡ് ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും 20 പേരെ കണ്ടെത്താനായില്ല. മന്ദാകിനി നദിയിലെ ശക്തമായ ഒഴുക്കില്‍പെട്ട് കാണാതായ 20 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഇപ്പോഴും കാണാമറയത്ത്: പ്രദേശത്ത് കേന്ദ്ര ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, ഐടിബിപി, ഹോം ഗാര്‍ഡുകള്‍, പ്രാന്തീയ രക്ഷക് ദള്‍ വോളന്‍റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ഇവരെ കൂടാതെ കേദാര്‍നാഥ് യാത്ര മാനേജ്‌മെന്‍റ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴയും ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. അതേസമയം ഇതുവരെ കണ്ടെത്താനാവാത്ത മൃതദേഹങ്ങള്‍ നദിയിടുക്കുകളില്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.
കാണാതായ 20 മൃതദേഹങ്ങൾ പുറത്തെടുക്കാനായി രക്ഷാപ്രവര്‍ത്തന സംഘ അംഗങ്ങൾ തുടർച്ചയായി തെരച്ചിൽ നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി മന്ദാകിനി നദിയിലും അളകനന്ദ നദിയിലും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഇനിയും കണ്ടെത്താനാവാത്തവരില്‍ നാലുപേര്‍ പ്രദേശവാസികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശികളും 14 പേര്‍ നേപ്പാളില്‍ നിന്നും എത്തിയവരുമാണെന്ന് രുദ്രപ്രയാഗ് ജില്ല ദുരന്തനിവാരണ ഓഫിസർ നന്ദൻ സിങ് രജ്വാർ പറഞ്ഞു.
സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മൂന്നിന് രാത്രി 11 മണിയോടെയാണ് മലമുകളിൽ നിന്ന് പാറകൾ ഇടിഞ്ഞുവീണ് അപകടമുണ്ടാവുന്നത്. ഇതില്‍ മലമുകളിലായുള്ള മൂന്ന് കടകൾ തകർന്നു. ഈ കടകളിലായി ഉണ്ടായിരുന്ന 23 പേര്‍ നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പെടുകയുമായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് നേപ്പാള്‍ സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.