ഡെറാഡൂൺ:നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ മെഗാ ക്യാമ്പയിന് തയ്യാറെടുത്ത് ബിജെപി. ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള മെഗാ ക്യാമ്പയിൻ ആരംഭിക്കുമെന്ന് സംസ്ഥാനത്തെ ബിജെപി തെരഞ്ഞെടുപ്പ് ഇൻ ചാർജും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.
പ്രചാരണത്തിന്‍റെ ഭാഗമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ എന്നിവർ റാലികളെ അഭിസംബോധന ചെയ്യും. 70 മണ്ഡലങ്ങളിലായി 10-15 സ്ഥലങ്ങളിലായി എൽഇഡി ടിവികൾ സ്ഥാപിക്കുമെന്നും ഇതിലൂടെ നേതാക്കൾ യോഗങ്ങളെ അഭിസംബോധന ചെയ്യുന്നത് പ്രവർത്തകർക്ക് കേൾക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.