ചമ്പാവത്ത് (ഉത്തരാഖണ്ഡ്): തനക്പൂർ പിത്തോരാഗഡ് ഹൈവേയിൽ ഇന്ന് (08.09.2022) നടന്ന വാഹനാപകടത്തില്‍ 12 ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർക്ക് പരിക്ക്. ബസ് അഗാധമായ താഴ്‌ചയിലേക്ക് വീഴാതെ രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. അതേസമയം, അപകടത്തില്‍പെട്ട സൈനികരുടെ പരിക്ക് സാരമുള്ളതല്ല.
സൈനികര്‍ സഞ്ചരിച്ച ബസ് ഉത്തരാഖണ്ഡ് ദേശീയപാതയില്‍ അപകടത്തില്‍പെട്ടു
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസുകാര്‍ സഞ്ചരിച്ച ബസ് ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ഹൈവേയിൽ അപകടത്തില്‍പെട്ടു, സൈനികരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടം നടന്ന സ്ഥലത്ത് ദേശീയപാത വൃത്താകൃതിയിലാണ് മുകളിലേക്ക് കയറുന്നത്. ഇവിടെ നിന്നും നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് താഴ്‌ചയിലേക്ക് ഇറങ്ങിവന്ന് ഹൈവേയുടെ വളവുകൾക്കിടയിൽ വളർന്നുനിൽക്കുന്ന മരങ്ങൾക്കിടയിൽ കുരുങ്ങി നില്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചൽത്തി പൊലീസ് പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ജവാന്‍മാരെ അപകടത്തില്‍പെട്ട ബസില്‍ നിന്ന് പുറത്തെടുത്തത്.
ഇതെത്തുടര്‍ന്ന് പരിക്കേറ്റ ജവാന്മാരെ ചൽത്തിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന സൈനികര്‍ 14-ാം കോർപ്സിൽ നിന്നുള്ളവരാണ്. അതേസമയം, പിത്തോരഗഡിലെ ജജർദേവാളിലേക്ക് പോകുന്നതിനിെടയാണ് ബസ് അപകടത്തിൽ പെട്ടതെന്നാണ് സൂചന.