ഡെറാഡൂണ്‍:സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്‌ചകള്‍ ഉയർത്തിക്കാട്ടി കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനുവേണ്ടി സമർപ്പിച്ച സത്യവാങ്മൂലം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറ്റഞ്ഞു.
കോടതിയിൽ സമർപ്പിച്ച 700 പേജുള്ള സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ആർഎസ് ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പറഞ്ഞത്. സംസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങള്‍ക്ക് കാരണം സര്‍ക്കാരിനുണ്ടായ വീഴ്‌ചയാണെന്നും കോടതി നിരീക്ഷിച്ചു.
also read:മഹാ കുംഭമേളയ്ക്കിടയിലെ കൊവിഡ് പരിശോധന അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് സർക്കാർ
"ഗംഗാ ദസറ ദിനത്തിൽ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ല. ആയിരക്കണക്കിന് ആളുകൾ ഹാർക്കി പോഡിയിൽ ഒന്നിച്ച് കുളിച്ചു. സാമൂഹിക അകലമോ മാസ്കോ ശുചിത്വ സംവിധാനമോ അവിടെയുണ്ടായിരുന്നില്ലെന്നും ഇവ സർക്കാരിന്‍റെ വീഴ്‌ചയാണെന്നും കോടതി പറഞ്ഞു.
ചീഫ് സെക്രട്ടറി ഓം പ്രകാശ്, ധനകാര്യ സെക്രട്ടറി അമിത് നേഗി, ടൂറിസം അഡീഷണൽ സെക്രട്ടറി ഡോ. ആശിഷ് ചൗഹാൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി. ജൂൺ 28 ന് ഓം പ്രകാശും ചൗഹാനും കോടതിയിൽ ഹാജരാകണമെന്നും ചാർ ധാം യാത്ര സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ എന്ത് തീരുമാനമെടുത്തുവെന്ന് അന്ന് വിശദീകരണം നല്‍കണമെന്നും കോടതി നിർദേശിച്ചു.
കൊവിഡിന്‍റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി രൂപീകരിച്ച ശിശുരോഗവിദഗ്ദ്ധരുടെ ഹൈ പവർ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ നൽകിയിരിക്കുന്ന ശുപാർശകൾ നടപ്പിലാക്കുന്നതിലുള്ള അവസ്ഥയെക്കുറിച്ചും കോടതി സർക്കാരിനോട് ചോദിച്ചു. "കുട്ടികൾക്കായി സംസ്ഥാനത്ത് എത്ര ആശുപത്രികളുണ്ട്, അവയിൽ എത്ര കിടക്കകളുണ്ടെന്നും കോടതി ചോദിച്ചു. വിഷയം ജൂലൈ 7 ന് വീണ്ടും കോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിയോടൊപ്പം ആരോഗ്യ സെക്രട്ടറിയും അന്ന് കോടതിയില്‍ ഹാജരാകും.