ഖത്തീമ (ഉത്തരാഖണ്ഡ്):ഖത്തീമയിലെഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ മേലാഘട്ടിൽ സർക്കാർ ഭൂമിയിൽ നിർമാണത്തിലിരുന്ന പള്ളി പൊളിച്ചുനീക്കി ഉത്തരാഖണ്ഡ് ഭരണകൂടം. മലയാളിയായ ബോബി ജോർജ് എന്നയാൾ അനധികൃതമായി സ്ഥാപിച്ച പള്ളിയാണ് പൊളിച്ചുനീക്കിയത്. സംഭവത്തിൽ ക്രിസ്‌ത്യൻ മതവിശ്വാസികളും ഗ്രാമവാസികളും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. എന്നാൽ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും പള്ളി പൊളിച്ചുനീക്കുകയുമായിരുന്നു.
ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിൽ മലയാളി പണിത പള്ളി പൊളിച്ചുനീക്കി - uttarakhand
മലയാളിയായ ബോബി ജോർജ് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സർക്കാർ ഭൂമി കൈയേറി പണിത പള്ളിയാണ് ഉത്തരാഖണ്ഡ് ഭരണകൂടം പൊളിച്ചുനീക്കിയത്.
മേലാഘട്ട് ഗ്രാമത്തിലെ അങ്കണവാടിക്ക് സമീപമുള്ള സർക്കാർ ഭൂമിയിൽ പള്ളി പണിയുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എഡ്‌സിഎം രവീന്ദ്ര ബിഷ്‌ടിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും പള്ളി പണിയുന്നത് നിർത്തണമെന്ന് നിർദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ സർക്കാർ ഭൂമിയിൽ പള്ളി പണിയുന്നത് തുടരുന്നതായി കണ്ടെത്തി. തുടർന്ന് അനധികൃതമായി നിർമാണത്തിലിരുന്ന പള്ളി ജങ്കയ്യ പൊലീസിന്‍റെയും റവന്യൂ സംഘത്തിന്‍റെയും സാന്നിധ്യത്തിൽ ഖത്തീമ എസ്‌ഡിഎം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു.
ദൈവത്തെ സേവിക്കുന്നതിനായി ഗ്രാമവാസികളിൽ നിന്ന് ഭൂമി ശേഖരിച്ച് അവിടെ ചെറിയ വീട് നിർമിക്കുകയാണെന്ന് ബോബി ജോർജ് പറയുന്നു.