ഡെറാഡൂണ്‍ :ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാന്‍ ഉത്തരാഖണ്ഡ്. യുസിസിയുമായി ബന്ധപ്പെട്ട ബില്‍ പാസാക്കുന്നതിനായി ദീപാവലിക്ക് ശേഷം നിയമസഭയില്‍ പ്രത്യേക സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി അഞ്ചംഗ വിദഗ്‌ധ സംഘം ഒന്നോ രണ്ടോ ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
റിപ്പോര്‍ട്ടില്‍ എന്തെല്ലാം :വിവാഹമോചനത്തിന് കോടതിയിലൂടെ മാത്രമേ സാധുതയുള്ളൂവെന്നും ലിംഗസമത്വത്തിലൂന്നി പെണ്‍മക്കള്‍ക്ക് പൂര്‍വിക സ്വത്തുക്കളില്‍ തുല്യാവകാശം ഉണ്ടായിരിക്കുമെന്നും അടക്കമുള്ള വ്യവസ്ഥകള്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ സ്‌ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താന്‍ ശുപാര്‍ശയില്ലെന്നും മറിച്ച് 18 ആയി നിലനിര്‍ത്താനാണ് നിര്‍ദേശമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. ഒപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്.
യുസിസിയിലേക്ക് വരുന്നതിങ്ങനെ :വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതീതമായി ഏകീകരണം കൊണ്ടുവരാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഏകീകൃത സിവില്‍ കോഡ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2022 മെയ് 27 ന് ഇതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്‌തു.