ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്):മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ 'രാജ്യസ്‌നേഹി' എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്ത്. ബല്ലിയയില്‍ പാർട്ടിയുടെ ജില്ല ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ത്രിവേന്ദ്ര സിങ് വിചിത്ര പരാമര്‍ശം നടത്തിയത്. പേരിനൊപ്പം 'ഗാന്ധി' എന്ന കുടുംബപ്പേര് ഉള്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു.
പരാമര്‍ശം ഇങ്ങനെ:ഗാന്ധിജി കൊല്ലപ്പെട്ടു. അത് മറ്റൊരു വിഷയമാണ്. എന്നാൽ ഞാൻ മനസിലാക്കിയതും വായിച്ചതുമായ ഗോഡ്‌സെ ഒരു രാജ്യസ്‌നേഹിയായിരുന്നു. എന്നാല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ലെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. 'ഗാന്ധി' എന്ന കുടുംബപ്പേരുള്ളത് കൊണ്ട് മാത്രം രാഹുൽ ഗാന്ധിയുടെ പ്രത്യേയശാസ്‌ത്രം ഗാന്ധിയൻ ആവില്ല. ആ ഒരു വേര് കൊണ്ടുമാത്രം രാഹുൽ ഗാന്ധിയുടെ ഐഡന്‍റിറ്റി മാറില്ലെന്നും ത്രിവേന്ദ്ര സിങ് പരിഹസിച്ചു. അദ്ദേഹത്തിന് സംസാരം മാത്രമെയുള്ളുവെന്നും ത്രിവേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.
രാഹുലിനെ വിടാതെ:യുഎസ് പര്യടനങ്ങള്‍ക്കിടെ രാഹുല്‍ നടത്തിയ പ്രസ്‌താവനകളോടും റാവത്ത് പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ പാർട്ടിയെ സഹായിക്കില്ല. ഉടൻ തന്നെ കോൺഗ്രസ് പഴങ്കഥയാവും. പാർട്ടിയുടെ തകര്‍ച്ച കണ്ട് നിരാശയോടെയും മാനസിക പിരിമുറുക്കത്തോടെയുമാണ് രാഹുൽ സംസാരിക്കുന്നതെന്നും ത്രിവേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന ഒരാളെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം രാഹുലിനെതിരെയുള്ള പരിഹാസം കടുപ്പിച്ചു.