ലഖ്‌നൗ: ഗംഗാ നദിയിൽ ഒഴുകിയെത്തിയ 21 ദിവസം പ്രായമുള്ള കുട്ടിയെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട് നൽകുമെന്ന് സംസ്ഥാന സർക്കാർ. ഗുല്ലു ചൗധരിക്കാണ് സംസ്ഥാന സർക്കാർ ബോട്ട് നൽകുക. ഒപ്പം മറ്റ് ആനുകൂല്യങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
കുട്ടിയുടെ ചെലവ് സർക്കാർ വഹിക്കുമെന്നും രക്ഷാപ്രവർത്തകന് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഗാസിപൂർ ജില്ലാ മജിസ്‌ട്രേറ്റ് എം.പി സിങ് കഴിഞ്ഞ ദിവസം ഗുല്ലു ചൗധരിയുടെ വീട് സന്ദർശിച്ചിരുന്നു. അന്വേഷണത്തിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് ഉണ്ടെന്നും എന്നാൽ ഉപജീവനത്തിനായി സുഹൃത്തുകളുടെ ബോട്ടാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമായി. തുടർന്നാണ് സർക്കാർ ബോട്ട് നൽകാൻ തീരുമാനിച്ചത്.