മഥുര (ഉത്തര്‍പ്രദേശ്): ടിക്കറ്റ് നിരക്കില്‍ 20 രൂപ അധികമായി ഈടാക്കിയെന്ന് കാണിച്ച് അഭിഭാഷകന്‍റെ നിയമപോരാട്ടത്തിന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയം. മഥുരയിലെ ഗലി പിർപഞ്ചിൽ താമസിക്കുന്ന തുംഗനാഥ് ചതുർവേദി എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇന്ത്യന്‍ റെയില്‍വേയോട് തുകയും പിഴയും മടക്കി നല്‍കണമെന്ന് ഉപഭോക്തൃ ഫോറം ഉത്തരവിട്ടത്. യാത്രയ്‌ക്കായെടുത്ത ടിക്കറ്റിന് 20 രൂപ അധികമായി ഈടാക്കിയെന്ന് കാണിച്ച് 1999 ല്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയിലാണ് വൈകിയുള്ള നീതിയെത്തിയത്.
രണ്ട് ടിക്കറ്റ് വരുത്തിയ കേസ്: 1999 ഡിസംബർ 25-ന് മഥുര കാന്‍റ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മൊറാദാബാദിലേക്ക് ട്രെയിന്‍ കയറാന്‍ തുംഗനാഥ് ചതുർവേദിയെത്തിയപ്പോഴാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടക്കുന്നത്. ഒരാൾക്ക് 35 രൂപ എന്ന നിരക്കിലുള്ള രണ്ട് ടിക്കറ്റുകള്‍ ടിക്കറ്റ് കൗണ്ടറിൽ നിന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് 70 രൂപയ്ക്ക് പകരം 90 രൂപ ബുക്കിങ് ക്ലാർക്ക് ഈടാക്കുകയായിരുന്നു. 20 രൂപ അദ്ദേഹം തിരികെ ചോദിച്ചെങ്കിലും ബുക്കിങ് ക്ലാർക്ക് വിസമ്മതിച്ചു. അതിനിടെ ട്രെയിൻ സ്‌റ്റേഷനിൽ എത്തിയതോടെ തര്‍ക്കത്തിന് നില്‍ക്കാതെ ചതുർവേദി മൊറാദാബാദിലേക്ക് പുറപ്പെട്ടു. പിന്നീടാണ് അദ്ദേഹം ഇന്ത്യൻ റെയിൽവേയ്‌ക്കെതിരെ അമിത നിരക്ക് ഈടാക്കിയതിന് ഉപഭോക്തൃ ഫോറത്തിൽ കേസ് കൊടുക്കുന്നത്.