ലഖ്‌നൗ:ഉത്തർപ്രദേശിൽ ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ ഫലം ബിജെപിയ്‌ക്ക് അനുകൂലമായി തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ സമാജ്‌വാദി പാർട്ടി. പ്രാരംഭഘട്ടത്തിലെ ഫലസൂചനകൾ ആധികാരികമല്ലെന്നും അതിനാൽ വോട്ടെണ്ണൽ അവസാനിക്കുന്നത് വരെ തെരഞ്ഞെടുപ്പ് ഓഫീസുകളിൽ തന്നെ തുടരണമെന്നും പാർട്ടി പ്രവർത്തകരോട് നേതൃത്വം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 403 സീറ്റുകളിൽ ഭൂരിഭാഗത്തിലും ബിജെപി ലീഡ് തുടരുന്ന പ്രാരംഭ പ്രവണതകൾ കാവി പാർട്ടി വിജയിക്കുമെന്ന തെറ്റിദ്ധാരണ മാത്രമാണ് സൃഷ്‌ടിക്കുന്നതെന്ന് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്‌പി അവകാശപ്പെട്ടു. ഈ പ്രവണതകൾ ആധികാരികമല്ല. ബിജെപി വിജയിക്കുമെന്ന തെറ്റായ ധാരണ നൽകി പ്രവർത്തകരുടെ മനോവീര്യം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യം. അവസാന മണിക്കൂറുകളിൽ ഒരുപക്ഷെ ഫലങ്ങൾ മാറിമറിഞ്ഞേക്കാം. അന്തിമഫലം വരുന്നതുവരെ പാർട്ടി പ്രവർത്തകർ ഓഫീസുകളിൽ തന്നെ തുടരാൻ അഭ്യർഥിക്കുന്നുവെന്നും സമാജ്‌വാദി പാർട്ടിയുടെ മീഡിയ സെൽ ട്വിറ്ററിൽ കുറിച്ചു.