മൊറാദാബാദ്: ലൈംഗിക അതിക്രമത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. പ്രതികളുടെ നിരന്തരമായ ഉപദ്രവത്തെ തുടർന്ന് ഇന്നലെയാണ് (മാര്‍ച്ച് 19) കൗമാരക്കാരി ആത്മഹത്യ ചെയ്‌തത്. തന്നെ ഉപദ്രവിച്ച നാല് പ്രതികളുടെ പേരുവിവരങ്ങൾ അടക്കം പരാതി നല്‍കിയിട്ടും പൊലീസ് കാണിച്ച അനാസ്ഥയെക്കുറിച്ചും രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി ചൂണ്ടിക്കാട്ടി.
നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് പലതവണ പരാതി നൽകിയിരുന്നെന്നും എന്നാല്‍ പ്രതികൾക്കെതിരെ പൊലീസ് ഒരു നടപടിയെടുത്തില്ലെന്നും കുറിപ്പിൽ പെണ്‍കുട്ടി വിശദമാക്കിയിട്ടുണ്ട്. കൗമാരക്കാരി ജീവനൊടുക്കിയ സംഭവത്തിൽ സബ് ഇൻസ്‌പെക്‌ടറെ സസ്പെൻഡ് ചെയ്‌തു. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു എന്നാണ് പൊലീസിന്‍റെ ന്യായീകരണം.
'ഞാന്‍ ജീവിച്ചിരിപ്പില്ലെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടണം':പെണ്‍കുട്ടി സ്‌കൂളിൽ പോകുന്ന സമയം വികാശ്, പ്രമോദ്, ബബ്‌ലു, ഹരിഗ്യാൻ എന്നീ പ്രതികൾ ശല്യപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നു. പ്രതികൾ കാരണമാണ് താൻ സ്‌കൂളില്‍ പോവുന്നത് നിര്‍ത്തിയത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്‍റെ കുടുംബത്തെ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.
കൈകൂപ്പി ഒരുപാട് പേരോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യർഥിച്ചെങ്കിലും പാവപ്പെട്ട കുടുംബത്തിലെ തനിക്ക് നീതി ലഭിച്ചില്ല. താൻ ജീവിച്ചിരിപ്പില്ലെങ്കില്‍ പോലും പ്രതികളെ ശിക്ഷിക്കണം. തനിക്ക് നീതി നൽകണമെന്നും കുട്ടി ജീവനൊടുക്കുന്നതിന് മുന്‍പ് എഴുതിയ കുറിപ്പില്‍ പൊലീസിനോട് അഭ്യർഥിച്ചു.