ലഖ്‌നൗ : വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കടിച്ചുവലിച്ചുകൊണ്ടുപോയി മേൽക്കൂരയിൽ നിന്ന് താഴെയിട്ട് കൊലപ്പെടുത്തി പൂച്ച. ഉത്തർ പ്രദേശിലെ ബദൗൺ സ്വദേശിനിയായ രേഷ്‌മയുടെ 15 ദിവസം പ്രായമായ പെൺകുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്‌ച (ജൂലൈ 23) തന്‍റെ ഇരട്ട സഹോദരനോടൊപ്പം കട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പൂച്ച കടിച്ചെടുത്ത് കൊണ്ടുപോയന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഒച്ചവച്ചെങ്കിലും കുഞ്ഞുമായി പൂച്ച മേൽക്കൂരയിലെത്തിയിരുന്നു.
ബന്ധുക്കള്‍ പിന്നാലെകൂടി ശബ്‌ദം ഉണ്ടാക്കിയതോട പൂച്ച കൂട്ടിയെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. എന്നാല്‍ മേൽക്കൂരയിൽ നിന്ന് വീടിന്‍റെ മുറ്റത്തേക്ക് വീണ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ കുടുംബാംഗങ്ങൾ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു.
സംഭവം ഇങ്ങനെ : 15 ദിവസം മുമ്പാണ് ഉസാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൗന്തര പട്ടി ഭൗനി സ്വദേശിനിയായ രേഷ്‌മ ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമടങ്ങുന്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. രണ്ട് കുട്ടികളെയും കട്ടിലിൽ കിടത്തി ഉറക്കി. ഈ സമയത്താണ് പൂച്ച അകത്തുകയറി പെൺകുട്ടിയെ കടിച്ചെടുത്തത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ബന്ധുക്കൾ മുറിയിലേക്ക് നോക്കിയപ്പോഴാണ് ഒരു കുഞ്ഞിനെ കാണാതായെന്ന് മനസിലായത്.
കുഞ്ഞിന്‍റെ കരച്ചില്‍ പിന്‍തുടര്‍ന്ന് ബന്ധുക്കൾ എത്തിയപ്പോള്‍ പൂച്ച വീടിന്‍റെ മേൽക്കൂരയിലായിരുന്നു. പൂച്ചയെ വിരട്ടി ഓടിക്കാൻ ബന്ധുക്കൾ ബഹളംവച്ചു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പൂച്ച രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ അത്രയും ഉയരത്തിൽ നിന്ന് വീണ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുട്ടിയുടെ കുടുംബാംഗങ്ങൾ ഇതിന്‍റെ ഞെട്ടലിലും സങ്കടത്തിലുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂച്ച വീടിന് ചുറ്റും കറങ്ങിനടക്കുന്നത് കണ്ടിരുന്നെങ്കിലും കുട്ടിയെ കൊല്ലുമെന്ന് ആരും അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.