ഉത്തരകാശി :ഉത്തരാഖണ്ഡില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടരുകയാണ് (Uttarakhand tunnel collapse). ലംബമായി 320 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ട്രാക്ക് നിര്‍മിച്ച് തൊഴിലാളികളെ അതിവേഗം പുറത്തെത്തിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കുന്നിന്‍മുകളിലേക്ക് ട്രാക്ക് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മേജര്‍ നമന്‍ നരുള പറഞ്ഞു. ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായാലുടന്‍ തന്നെ ഡ്രില്ലിങ് ജോലികള്‍ തുടങ്ങും. 150 സൈനികരാണ് ട്രാക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
80 മുതല്‍ 120 മീറ്റര്‍ വരെ മല തുരക്കേണ്ടി വരും. ട്രാക്ക് നിര്‍മാണം നാളെ (നവംബര്‍ 20) ഒന്‍പത് മണിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇടയില്‍ മരങ്ങളുണ്ടെങ്കില്‍ അതെല്ലാം മുറിച്ച് മാറ്റും. ഡ്രില്ലിങ് ജോലികള്‍ പൂര്‍ത്തിയായാലുടന്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സാധിക്കും.
പിന്നീടാകും രക്ഷാപ്രവര്‍ത്തനത്തിലേക്ക് കടക്കുക. മരം മുറിക്കുന്ന ആളുകളുടെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്‍റെ മുകളിലേക്ക് തൊഴിലാളികളെ എത്തിക്കാനാണ് ശ്രമം. ഇതിനുള്ള സ്ഥലവും അടയാളപ്പെടുത്തിക്കഴിഞ്ഞു. നാലഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ ശ്രമങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രിയുടെ ഓഫിസ് മുന്‍ ഉപദേശകന്‍ ഭാസ്‌കര്‍ ഖുല്‍ബെ പറഞ്ഞു.
തുരങ്ക നിര്‍മാണ വിദഗ്‌ധന്‍ ക്രിസ് കൂപ്പറും രക്ഷാദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് എന്‍ജിനീയറായ രാജ്യാന്തര തലത്തില്‍ നിരവധി ശ്രദ്ധേയമായ നിര്‍മാണ പ്രവൃത്തികളില്‍ പങ്കാളിയാണ്. മെട്രോ തുരങ്കങ്ങള്‍, അണക്കെട്ടുകള്‍, റെയില്‍വേ, മൈനിങ് തുടങ്ങിയ രംഗങ്ങളില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ട്. ഋഷികേശ് കര്‍ണപ്രയാഗ് റെയില്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റ് കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നിന്ന് ഡ്രില്ലിങ്ങിനുള്ള കൂറ്റന്‍ ഉപകരണം സില്‍ക്യാരയില്‍ എത്തിച്ചിട്ടുണ്ട്.
Also Read:രക്ഷാപ്രവര്‍ത്തനം 7-ാം ദിവസം; ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെത്തിക്കാന്‍ പ്രത്യേക ഉപകരണം