ഹൈദരാബാദ്: ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മിഷൻ ഓൺ ഇന്‍റര്‍നാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്). ഈ വിധി മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്. മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥിനികളുടെ വിശ്വാസത്തോട് കാണിച്ച കടുത്ത അനീതിയാണ് വിധിയിലൂടെയുണ്ടായതെന്നും യു.എസ്.സി.ഐ.ആർ.എഫ് അഭിപ്രായപ്പെട്ടു.
അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഏജന്‍സി, വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പ്രതിനിധി അനുരിമ ഭാർഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്‌ചയാണ് കർണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിൽ നിര്‍ബന്ധമല്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സമാധാനം, ഐക്യം എന്നിവയെ തടസപ്പെടുത്തുന്ന വസ്‌ത്രങ്ങള്‍ ക്യാമ്പസിൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന സർക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.