ഹൈദരാബാദ്:അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി ചൊവ്വാഴ്‌ച പറഞ്ഞു. ടിബറ്റിന്‍റെ തെക്കന്‍ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന ഇന്ത്യയിലെ അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പുനര്‍നാമകരണം അമേരിക്ക എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കരീന്‍ ജീന്‍ പിയറി.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ അവകാശവാദമുന്നയിച്ച് ചൈന അവയുടെ പേരുകള്‍ മാറ്റിയത്. ടിബറ്റന്‍, ചൈനീസ്, പിന്‍യിന്‍ ഭാഷകളിലേക്കാണ് പേരുകള്‍ പുനര്‍നാമകരണം ചെയ്‌തത്. അരുണാചലിന്‍റെ 11 സ്ഥലങ്ങളെ ടിബറ്റിന്‍റെ തെക്കന്‍ ഭാഗമായ സാങ്നാന്‍ എന്ന് വിശേഷിപ്പിച്ചാണ് ചൈന പുതിയ പേരുകള്‍ പുറത്ത് വിട്ടത്. ഇതടക്കം മൂന്നാം തവണയാണ് ചൈനീസ് സിവില്‍ അഫയേഴ്‌സ് മിനിസ്‌ട്രി അരുണാചല്‍ പ്രദേശിലെ സ്ഥലപ്പേരുകള്‍ പുനര്‍നാമകരണം ചെയ്‌ത് പുറത്ത് വിടുന്നത്.
ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നിരസിച്ചിരുന്നു. പിന്നാലെയാണ് ചൈനയുടെ നീക്കത്തെ അപലപിച്ച് അമേരിക്കയെത്തിയത്.
പേര് മാറ്റത്തെ പൂര്‍ണമായും നിരസിച്ച് ഇന്ത്യ:ചൈനയുടെ നടപടി പൂര്‍ണമായി തള്ളുകയാണെന്ന് ഇന്ത്യ അറിയിച്ചു. ചൈനയുടെ പുനര്‍നാമകരണം ഇതാദ്യമായല്ലെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. അരുണാചല്‍ പ്രദേശ് എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയത് കൊണ്ട് യാഥാര്‍ഥ്യം ഇല്ലാതാകില്ലെന്നും ചൈനയുടെ നടപടി യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും അരിന്ദം ബാഗ്‌ചി കൂട്ടിച്ചേര്‍ത്തു.