ന്യൂഡൽഹി: ഖലിസ്ഥാൻ (Khalistan) വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ വിഷയത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടലാണ് ചര്‍ച്ചയാകുന്നത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി തലയിടുന്ന അമേരിക്കയുടെ സ്ഥിരം ശൈലിയാണ് ഇവിടെയും കാണാനാകുന്നത് (US Spy Agencies Involvement in India-Canada Internal Affairs). കാനഡയിലെ ഖാലിസ്ഥാനികള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ഹര്‍ദീപ് സിങ് നിജ്ജര്‍. ഇയാളുടെ കൊലപാതകം കാനഡയിലെ സിഖുകാര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ചു.
ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലയില്‍ ഇന്ത്യയെ പഴിചാരാന്‍ കാനഡയെ പ്രേരിപ്പിച്ച വിവരങ്ങള്‍ കൈമാറിയത് യുഎസ് ഏജൻസികളാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് നിജ്ജാർ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കൻ ചാര ഏജൻസികൾ കനേഡിയൻ ഉദ്യോഗസ്ഥര്‍ക്ക് ചില വിവരങ്ങള്‍ കൈമാറി. ഈ വിവരങ്ങളാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയെ ഉത്തരവാദികളാക്കാന്‍ കാനഡയെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ വധത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച വിവരം കാനഡയെ അറിയിച്ചിരുന്നെന്ന് കാനഡയിലെ യുഎസ് അംബാസഡറായ ഡേവിഡ് കോഹെന്‍ (David Cohen) ഒരു കനേഡിയന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്‌മയായ 'ഫൈവ് ഐസ്' ഇതുസംബന്ധിച്ച വിവരം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിച്ചിരുന്നെന്നാണ് ഡേവിഡ് കോഹെന്‍റെ അവകാശവാദം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തിയതെന്നും കോഹെന്‍ വ്യക്തമാക്കി.
Also Read:Canada Shared Evidence With India: 'പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യക്ക് കൈമാറി'; നിജ്ജര്‍ വധത്തില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
മുന്നറിയിപ്പുമായി എഫ്ബിഐ: ഫൈവ് ഐസ് കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ചില എഫ്ബിഐ ഏജന്‍റുമാർ (FBI Agents) കാലിഫോർണിയയിലെ സിഖുകാരെ സമീപിച്ച് അവർക്ക് മുന്നറിയിപ്പ് നൽകിയത്. ഖാലിസാനികളുടെ ജീവൻ അപകടത്തിലാണെന്ന് എഫ്ബിഐ ഏജന്‍റുമാർ മുന്നറിയിപ്പ് നൽകി. നിജ്ജാറിന്‍റെ മരണശേഷം തനിക്കും മറ്റ് രണ്ട് സിഖുകാര്‍ക്കും എഫ്ബിഐയിൽ നിന്ന് കോളുകള്‍ ലഭിച്ചതായും അവര്‍ തങ്ങളെ സന്ദർശിച്ചതായും യുഎസ് പൗരനായ പ്രീത്പാൽ സിങ് പറഞ്ഞു. അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയുടെ കോർഡിനേറ്ററാണ് പ്രീത്പാൽ സിങ്. കാലിഫോർണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് കൂട്ടായ്‌മയായ എൻസാഫിന്‍റെ കോ-ഓർഡിനേറ്റർ സുഖ്മാൻ ധാമിയും സമാന വെളിപ്പെടുത്തലുമായി രംഗത്തുവന്നു. യുഎസിലെ പല സിഖുകാർക്ക് ജീവന് ഭീഷണിയുള്ളതായി പൊലീസ് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് സുഖ്മാൻ ധാമി പറഞ്ഞത്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Justin Trudeau), ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ പാർലമെന്‍റിലും മാധ്യമങ്ങളിലും ഇന്ത്യൻ സർക്കാരിനെതിരെ വിരൽ ചൂണ്ടുന്ന നിലപാടുകളാണെടുത്തത്. ഇരു രാജ്യങ്ങളും അന്യോന്യം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ത്യ കാനഡക്കാര്‍ക്ക് പുതിയ വിസ നല്‍കുന്നത് മരവിപ്പിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. അടുത്ത ഘട്ടമായി വ്യാപാര നിയന്ത്രണങ്ങൾ, നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കൽ എന്നിവ അടക്കമുള്ള നടപടികള്‍ക്കുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
കടുത്ത നടപടിയുമായി എൻഐഎ:കാനഡയുമായുള്ള ബന്ധം മോശമാകുന്നതിനിടെ തന്നെ ഖാലിസ്ഥാൻ ഭീകരർക്കെതിരെയുള്ള നടപടി ഇന്ത്യ കൂടുതൽ കർശനമാക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇതിനോടകം തന്നെ ഖാലിസ്ഥാന്‍ തീവ്രവാദികളുടെയും അവരുടെ അനുഭാവികളുടെയും ഇന്ത്യയിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാരംഭിച്ചിട്ടുണ്ട്. ശനിയാഴ്‌ച ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിന്‍റെ (Gurpatwant Singh Pannun) പഞ്ചാബിലുള്ള സ്വത്തുക്കൾ എൻഐഎ (NIA) കണ്ടുകെട്ടിയിരുന്നു. മൊഹാലി കോടതിയുടെ ഉത്തരവ് പ്രകാരം പഞ്ചാബിലെയും ചണ്ഡീഗഡിലെയും വീടടക്കമുള്ള സ്വത്തുക്കളാണ് യുഎപിഎ നിയമപ്രകാരം കണ്ടുകെട്ടിയത്.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിയമോപദേഷ്ടാവും വക്താവുമായ ഗുർപട്‌വന്ത് സിങ് പന്നുവാണു അടുത്തിടെ കാനഡയിൽ നടന്ന ഖലിസ്ഥാൻ അനുകൂല ഹിതപരിശോധനയുടെ സൂത്രധാരൻ. കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്കു മടങ്ങണമെന്നാവശ്യപ്പെടുന്ന പന്നുവിന്‍റെ വിഡിയോ ഈയടുത്ത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Also Read:Indo Canadian Fallout ഇന്ത്യ-കാനഡ സംഘർഷം: ബലിയാടാകുന്നത് കൃഷിയും കൃഷിക്കാരുമോ?