ഡല്‍ഹി നഗരം ഓട്ടോയില്‍ ചുറ്റിക്കറങ്ങി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹൈദരാബാദ് :ഡല്‍ഹി തെരുവോരങ്ങളില്‍ ഓട്ടോറിക്ഷയില്‍ ചുറ്റി കറങ്ങിയും വഴിയരികിലെ തട്ടുകടയില്‍ നിന്ന് മസാല ചായ ആസ്വദിച്ചും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജി20 വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്ലിങ്കന്‍ ഇന്ത്യയിലെത്തിയത്.
യുഎസ് എംബസികളിലെ ജീവനക്കാരുമായും ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന യുഎസ് പൗരന്മാരുമായും അവരുടെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയ ശേഷമായിരുന്നു ഡല്‍ഹിയിലൂടെയുള്ള ഓട്ടോറിക്ഷ സവാരി. ഡല്‍ഹിയിലൂടെ ഓട്ടോയില്‍ ചുറ്റി കറങ്ങുന്നതിന്‍റെയും മസാല ചായ നുകരുന്നതിന്‍റെയും ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കിട്ടിരുന്നു. ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും സ്വീകരിക്കുന്ന കഠിനാധ്വാനത്തിന് ഒഫീഷ്യലുകളോടും പൗരരോടും അദ്ദേഹം നന്ദിയറിയിച്ചു.
ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കണ്ടുമുട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആതിഥ്യ മര്യാദയ്‌ക്കും നേതൃത്വത്തിനും നന്ദി. ഇന്ത്യയും യുഎസും തമ്മില്‍ ദൃഢ ബന്ധമുണ്ട്.
ഈ ബന്ധത്തിന്‍റെ ഭാഗമാണ് തന്‍റെ ഇന്ത്യ സന്ദര്‍ശനമെന്നും ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യൻ സംസ്‌കാരവും ആചാരങ്ങളും ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബ്ലിങ്കൻ ട്വിറ്ററില്‍ കുറിച്ചു. ഭക്ഷ്യ-ഊർജ സുരക്ഷ, സുസ്ഥിര വികസനം, മയക്കുമരുന്ന് വിരുദ്ധത, ആഗോള ആരോഗ്യം, മാനുഷിക സഹായം, ദുരന്തസാഹചര്യങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളിൽ ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ച ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്‍റെ ഭാഗമായിരുന്നു ബ്ലിങ്കന്‍റെ ഇന്ത്യ സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായും സിവിൽ സമൂഹവുമായും ബ്ലിങ്കൻ കൂടിക്കാഴ്‌ച നടത്തിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇന്നലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ബ്ലിങ്കന്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾക്കൊപ്പം C5+1ല്‍ (നയതന്ത്ര ഉച്ചകോടി) പങ്കെടുത്തു. മധ്യേഷ്യൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയോടുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രതിബദ്ധത ശക്തമാക്കുന്നതും ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളിൽ സഹകരിക്കുന്നതും മുന്‍നിര്‍ത്തിയായിരുന്നു C5+1 ഉച്ചകോടി.
യുഎസും റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാൻ, തുർക്‌മെനിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, ഊർജ, പരിസ്ഥിതി, സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിലാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിച്ചത്. വനിത സിവില്‍ സൊസൈറ്റി നേതാക്കളുമായും ബ്ലിങ്കന്‍ കൂടിക്കാഴ്‌ച നടത്തി. സ്‌ത്രീ ശാക്തീകരണത്തെ സംബന്ധിക്കുന്ന സുപ്രധാന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായും ബ്ലിങ്കന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അടക്കമുള്ള ആഗോള വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടിരുന്നു.