ന്യൂയോർക്ക് :അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം നിരവധി ആഗോള വെല്ലുവിളികൾ പരിഹരിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദേ മോദിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ- യുഎസ് ബന്ധം ഒട്ടനവധി ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരമാകുമെന്ന് ഞാൻ പണ്ടേ വിശ്വസിച്ചിരുന്നു. 2006 ൽ ഞാൻ വൈസ് പ്രസിഡന്‍റ് സമയത്ത് 2020ഓടെ ഇന്ത്യയും അമേരിക്കയും ഏറ്റവും ലോകത്ത് ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളിലൊന്നായി മാറുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ലോക നന്മക്കായി ഞങ്ങളുടെ കഴിവും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്, ബൈഡൻ പറഞ്ഞു.
അതേസമയം അമേരിക്കൻ സന്ദർശനത്തിന് നൽകിയ സ്വീകരണത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി ജോ ബൈഡന് നന്ദി അറിയിച്ചു. മൂന്ന് ദിവസത്തെ യു.എസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ALSO READ :ആറ് വയസിൽ ഓണററി ഡോക്‌ടറേറ്റ്; അപൂർവനേട്ടം കരസ്ഥമാക്കി കുഞ്ഞുമിടുക്കി ശ്രീഷ
ബൈഡൻ യുഎസ് പ്രസിഡന്‍റ് ആയതിനു ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചർച്ചയാണ് വൈറ്റ് ഹൗസിൽ നടക്കുന്നത്. വ്യാപാരം, പ്രതിരോധ സഹകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ചർച്ച ചെയ്യുക എന്നാണു സൂചന. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണവും ചർച്ചയാകും.