ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെത്തുടർന്ന് മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്‌മൺ സവാദി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്‍റെ മണ്ഡലത്തില്‍ അണികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സവാദി കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. 'അവസാന ഘട്ടത്തിൽ ബിജെപി നേതാക്കൾ എനിക്ക് സീറ്റ് നിഷേധിച്ചു. ഇത് എന്ന വല്ലാതെ വേദനിപ്പിക്കുന്നു. നാളെ അണികളുടെ അടിയന്തര യോഗം വിളിച്ച് ഒരു തീരുമാനത്തിൽ എത്തിച്ചേരും. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വവും ബിജെപി അംഗത്വവും രാജിവയ്ക്കാനാണ് അണികൾ എന്നോട് ആവശ്യപ്പെടുന്നത്. അന്തിമ തീരുമാനം നാളെ വൈകിട്ട് അഞ്ച് മണിക്ക് ഉണ്ടാകും', സവാദി വ്യക്‌തമാക്കി.
'മുഖ്യമന്ത്രി ബൊമ്മൈയോട് എനിക്ക് ദേഷ്യമില്ല. അദ്ദേഹം ഉയർന്ന തലങ്ങളിലേക്ക് വളരട്ടെ. അദ്ദേഹം ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണമെന്നാണ് എന്‍റെ ആഗ്രഹം. ഞാൻ എവിടെയായിരുന്നാലും അദ്ദേഹം എന്‍റെ ഗുരുവാണ്. അദ്ദേഹത്തോട് വളരെയധികം ബഹുമാനം എനിക്കുണ്ട്. അദ്ദേഹം ഒരു പ്ലേറ്റിൽ വിഷം നൽകിയാൽ പോലും ഞാൻ അത് കുടിക്കും. എന്‍റെ തീരുമാനത്തിൽ ഞാൻ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു', സവാദി വികാരാധീനനായി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം തനിക്ക് പിന്തുണയുമായി നേതാക്കളാരും കൂടെയില്ലെന്ന കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. 'അവർ സംസ്ഥാനത്ത് എവിടെയായിരുന്നാലും ഞാൻ അവരുടെ സുഹൃത്തുക്കളാണ്. ലക്ഷ്‌മണ്‍ സവാദി പാഴ് വേരാണെന്ന് അവർ തന്നെ പറഞ്ഞു. അതിനാൽ ഈ ചെടിയുടെ വേരിൽ നിന്ന് ഒരു പ്രയോജനവുമില്ലെന്ന് അവർക്കറിയാം. സംസ്ഥാനത്തെ സമകാലികരായ എല്ലാ നേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. 20 വർഷത്തിനിടെ ബിജെപിയിൽ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.