സേലം : സേലം സംഗഗിരിക്ക് സമീപം പട്ടികജാതിയിൽപ്പെട്ട കുടുംബത്തെ പ്രദേശം വിട്ട് പോകാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നൽകി സ്‌ത്രീ. ദേവണ്ണകൗണ്ടന്നൂരിലെ കുടുംബത്തെ തൊട്ടടുത്ത് താമസിക്കുന്ന ഉന്നതജാതിയിൽപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. സംഭവത്തിൽ സ്ത്രീ വെള്ളിയാഴ്‌ച (മെയ് 5) സേലം ജില്ല കലക്‌ടർ ഓഫിസിൽ പരാതി നൽകി.
കഴിഞ്ഞ 50 വർഷമായി സർക്കാർ ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്. 47 വർഷമായി കുടുംബം നികുതി അടയ്ക്കുന്നു. ഇവരുടെ വീടിനടുത്തുള്ള ഉന്നതജാതിയിൽപ്പെട്ടവർ കുറച്ച് വർഷങ്ങളായി കുടുംബത്തെ പ്രദേശം വിട്ടുപോകാൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് കുടുംബം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഉന്നതജാതിയിൽപ്പെട്ട നാല് പേർ കുട്ടികളുടെ ഭക്ഷണത്തിലേക്ക് മനുഷ്യ വിസർജ്യം എറിഞ്ഞുവെന്നും വീട്ടിലുള്ളവരെ ആക്രമിച്ചുവെന്നും സ്‌ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
സംഗഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടർന്ന് വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർക്ക് പരാതി നൽകി. എന്നാൽ, വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഉന്നതജാതിക്കാരെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തതെന്ന് കുടുംബം ആരോപിച്ചു. തുടർന്നാണ് സേലം ജില്ല കലക്‌ടർക്ക് സ്‌ത്രീ പരാതി നൽകിയത്. പരാതിയെ തുടർന്ന് വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്‌ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം : പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. തമിഴ്‌നാട്ടിലെ കോത്തങ്കുടി ഗ്രാമത്തിലായിരുന്നു സംഭവം. വൈരാണ്ടി കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അയ്യപ്പൻ, മുത്തുരാമൻ എന്നിവർ ചേർന്ന് ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.