ന്യൂഡൽഹി :2024 ല്‍, രാജ്യം വീണ്ടുമൊരു ലോക്‌സഭ തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിക്കും. അതിനായി, പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അണിയറയില്‍ തകൃതിയായ ഒരുക്കങ്ങള്‍ ഇപ്പഴേ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും ഉയർന്നുവരുന്ന രാഷ്‌ട്രീയ വെല്ലുവിളികളും നേരിടാൻ ബി.ജെ.പി കരുക്കള്‍ നീക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും അക്കൂട്ടത്തില്‍ പുറത്തുവരുന്നുണ്ട്. തങ്ങള്‍ക്ക് വഴങ്ങാതെ ഉറച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങളെ 'എന്തുവിലകൊടുത്തും' താമരക്കുമ്പിളിലാക്കാനാണ് ഈ പാര്‍ട്ടിയുടെ ലക്ഷ്യം.
ഈ നീക്കത്തിന്‍റെ ഭാഗമായിത്തന്നെ, ബി.ജെ.പി തങ്ങളുടെ പല സംസ്ഥാന ഘടകങ്ങളിലെയും പ്രധാന പദവികളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും പാര്‍ട്ടി പാർലമെന്‍ററി കാര്യ സമിതിയില്‍ നിന്നും നീക്കിയിരുന്നു. ബി.ജെ.പിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന സംവിധാനമാണ് പാർലമെന്‍ററി ബോർഡ്. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാർട്ടി സമിതിയാണ് ഈ ബോര്‍ഡ്.
'സവര്‍ണനയ'ത്തില്‍ പിന്നോട്ടുപോക്ക് ? :കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പാര്‍ട്ടി പാർലമെന്‍ററി സമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയവരില്‍പ്പെടുന്നു. മുഖ്യമന്ത്രി പദവി ഒഴിയേണ്ടിവന്നെങ്കിലും ഇപ്പോഴും ശക്തനായ നേതാവുതന്നെയാണ് ബി.എസ് യെദ്യൂരപ്പ. ലിംഗായത്ത് ജാതിയില്‍ നല്ല സ്വാധീനമുള്ള നേതാവായതുകൊണ്ടാണ് യെദ്യൂരപ്പയെ പാർലമെന്‍ററി ബോർഡിൽ ഉൾപ്പെടുത്തിയത്. കര്‍ണാടകയില്‍ മാത്രമല്ല, സൗത്ത് ഇന്ത്യയില്‍ തന്നെ പാര്‍ട്ടിയെ ശക്തമായി നിലയുറപ്പിക്കുകയെന്ന ലക്ഷ്യംകൂടി ബി.ജെ.പിക്ക് ഈ ശ്രമത്തിന് പിന്നിലുണ്ട്.
ഇതാദ്യമായാണ് പിന്നാക്കവിഭാഗങ്ങളിലെ നേതാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന സമീപനം ഈ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായത്. മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ബി.ജെ.പി 'പദ്ധതിയാണ്', സവര്‍ണനേതാക്കളെ മാറ്റിയുള്ള പുതിയ നീക്കം. സാമൂഹികമായും ജാതീയപരമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളോട് പാര്‍ട്ടിയെ അടുപ്പിക്കുക, അവരില്‍ നിന്നും വോട്ടുബാങ്ക് ഉറപ്പിച്ചുനിര്‍ത്തുക എന്നിവയാണ് തെരഞ്ഞെടുപ്പിന് മുന്‍പുള്ള അഴിച്ചുപണിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഉടന്‍ മാറുമോ 'യു.പി നാണക്കേട്' ? :ഉത്തർപ്രദേശ് ബി.ജെ.പി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് തന്‍റെ കാലാവധി പൂർത്തിയാക്കിയതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. ഈ പദവിയൊഴിഞ്ഞ് മൂന്നാഴ്‌ച പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കായിട്ടില്ലെന്നത് തെല്ലൊന്നുമല്ല നാണക്കേടുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ യു.പി പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനെ നിയമിക്കാനും ബിഹാറിലുണ്ടായ തിരിച്ചടിയില്‍ ആ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ 'പുതുമുഖങ്ങളെ' അവതരിപ്പിക്കാനും ബി.ജെ.പി ശ്രമിക്കാന്‍ സാധ്യതയുണ്ട്.
നിതീഷ് കുമാറിന്‍റെ ജെ.ഡി.യു, എന്‍.ഡി.എ വിട്ട് ആർ.ജെ.ഡി-കോൺഗ്രസ്-ഇടതുപക്ഷ സഖ്യവുമായി കൈകോർത്തത് അല്‍പമൊന്നുമല്ല ബി.ജെ.പിക്ക് ക്ഷീണം ഉണ്ടാക്കിയതെന്നത് വസ്‌തുതയാണ്. അതുകൊണ്ടുതന്നെ ആ സംസ്ഥാനത്ത് ഇത്തരമൊരു നീക്കത്തിന് ഉറപ്പായും ബി.ജെ.പിയെ അത് പ്രേരിപ്പിച്ചേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തലുകള്‍.
സംസ്ഥാനങ്ങളിലെ 'മുഖം മിനുക്കല്‍':കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി 'മുഖംമിനുക്കല്‍ പരിപാടി' നടത്തിയിട്ടുണ്ട്. മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ സംസ്ഥാന പ്രസിഡന്‍റുമാരെ നിയമിച്ചാണ് പാര്‍ട്ടി ഇത് പ്രാവര്‍ത്തികമാക്കിയത്. ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിർണായക സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവരെ പാര്‍ട്ടി മാറ്റിനിര്‍ത്തുകയുമുണ്ടായി.
'വേണമെങ്കില്‍ ഗുണ്ടായിസവും കാണിക്കും':ബി.ജെ.പി ഭരണം പിടിക്കാന്‍ പ്രധാനമായും ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെട്ട രണ്ടിടങ്ങളാണ് ബംഗാളും തെലങ്കാനയും. ഇവിടങ്ങളില്‍ എല്ലാവിധ തന്ത്രങ്ങളും പ്രയോഗിച്ച് നേട്ടമുണ്ടാക്കാനാണ് പാര്‍ട്ടി ലക്ഷ്യം. ഈ നീക്കത്തിന്‍റെ ഭാഗമായി തന്നെയാണ് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്‌ജയിയുടെ പ്രസ്‌താവന. അതിങ്ങനെയാണ്. ''ആവശ്യമെങ്കില്‍ ഗുണ്ടായിസം കാണിക്കാന്‍ പോലും ഞങ്ങള്‍ മടിക്കില്ല''.
ബെമ്മെയുടെ കാര്യമെന്താവും..?:നിലവില്‍, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മുഖ്യമന്ത്രി പദവിയെ സംബന്ധിച്ചും പല ഊഹാപോഹങ്ങളും 'എയറിലുണ്ട്'. ബി.ജെ.പി നേതാവും കർണാടക മന്ത്രിയുമായ ജെ.സി മധുസ്വാമിയുടെ, ബൊമ്മക്കെതിരായ ഫോണ്‍ സംഭാഷണം പുറത്തുവന്നതും അദ്ദേഹം അത് തന്‍റേതുതന്നെയെന്ന് വെളിപ്പെടുത്തിയതും അതില്‍ പ്രധാനമാണ്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണം മുന്നോട്ടുപോകുന്നുവെന്നേയുള്ളൂവെന്നും, കാര്യമായി ഒന്നും സംഭവിക്കുന്നില്ലെന്നുമാണ് മന്ത്രി ഓഡിയോയില്‍ പറഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ ജൂലൈ മാസം, യുവമോർച്ച പ്രവർത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നതും കര്‍ണാടക മുഖ്യമന്ത്രിക്കെതിരായ വികാരം ശക്തിപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായി നീങ്ങുന്നത് 'തടയിടാനുള്ള' നേതൃത്വഗുണമില്ലായ്‌മയും വിമർശനത്തിന് ഇടയാക്കുന്നുണ്ട്.
യോഗിക്കെതിരായ ശബ്‌ദം 'പുറത്ത്':യു.പി ബി.ജെ.പി ജനറൽ സെക്രട്ടറി സുനിൽ ബൻസാലിനെ ദേശീയ തലത്തിലേക്ക് പാര്‍ട്ടി ഓഗസ്റ്റ് 11 ന് മാറ്റുകയുണ്ടായി. 2014 മുതൽ ഉത്തർപ്രദേശിൽ പാർട്ടിയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ബന്‍സാല്‍. ബംഗാൾ, ഒഡിഷ, തെലങ്കാന എന്നീ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായാണ് ബി.ജെ.പി ഒരാഴ്‌ചമുന്‍പ് അദ്ദേഹത്തെ നിയമിച്ചത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സുനിൽ ബൻസാലും പല വിഷയങ്ങളിലുമുണ്ടായ അഭിപ്രായ വൃത്യാസങ്ങള്‍ പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാന കാര്യങ്ങള്‍, യോഗിയുടെ കരങ്ങളില്‍ കൂടുതല്‍ നന്നായി ഒതുക്കുകയെന്ന തന്ത്രവും ഇതിനുപിന്നിലുണ്ടെന്നാണ് നിരീക്ഷണം.
സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്‍റെ 'പ്രത്യേക ശ്രദ്ധ':ഉത്തർപ്രദേശിലെ ജലശക്തി, പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിനെ ഉത്തർപ്രദേശ് പാര്‍ട്ടി അധ്യക്ഷനാക്കിയതിന് പിന്നിലെ പ്രേരകശക്തി പ്രാദേശിക, ജാതി കണക്കുകൂട്ടലുകളാണെന്ന് നേരത്തേ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഉത്തർപ്രദേശിൽ കാവി പാര്‍ട്ടി ആധിപത്യം പുലർത്തുന്നുവെന്നത് വസ്‌തുതയാണ്. കൂടുതല്‍ ലോക്‌സഭ സീറ്റുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്ന് യു.പി ആയതുകൊണ്ട് തന്നെ സംസ്ഥാന ഭരണവും ശക്തിയും ഉണ്ടെങ്കില്‍ പോലും പാര്‍ട്ടി സംവിധാനങ്ങള്‍ ദൃഢതയോടെ നിര്‍ത്താനാണ് ശ്രമം.
അതുകൊണ്ടുതന്നെ യു.പിക്ക് 'കേന്ദ്രം' എപ്പോഴും ഒരു പ്രത്യേക ശ്രദ്ധ കൊടുക്കുന്നത് രാജ്യം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് അടിവരയിടുന്നതായിരുന്നു, യു.പിയിലെ ഇതേ പാര്‍ട്ടിയിലെ ഒരു നേതാവിന്‍റെ പ്രസ്‌താവന. തെരഞ്ഞെടുപ്പ് വിജയത്തിനായി പാർട്ടിയും 'സംസ്ഥാന സർക്കാരുകളും' തമ്മിലുള്ള ഏകോപനത്തിനാണ് ദേശീയ നേതൃത്വം എപ്പോഴും പ്രാധാന്യം നൽകുന്നതൊയിരുന്നു നേതാവിന്‍റെ പരാമര്‍ശം.
നിതീഷിന്‍റെ ഇരുട്ടടിയില്‍ ജാഗ്രത:2014ലും 2019ലും യഥാക്രമം 40 ലോക്‌സഭ സീറ്റുകളിൽ 31ഉം 39ഉം ഭരണകക്ഷിയായ എൻ.ഡി.എ ബിഹാറിൽ നേടിയിരുന്നു. എന്നാല്‍, നിലവിലെ ബിഹാറില്‍ 'നിതീഷിന്‍റെ ചാട്ടം' ബി.ജെ.പിക്ക് ഏല്‍പ്പിച്ച വെല്ലുവിളി കടുത്തതാണ്. ഉയർന്ന ജാതിക്കാർ ഉൾപ്പെടുന്ന പരമ്പരാഗത അടിത്തറ നല്ല രൂപത്തില്‍ നിലനിർത്തിക്കൊണ്ട് തന്നെ പിന്നാക്ക വിഭാഗങ്ങളിലേക്കും പട്ടികജാതി വിഭാഗങ്ങളിലും നില മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ വേണ്ടിവരുമെന്നാണ് ബി.ജെ.പി വൃത്തങ്ങളുടെ നിഗമനം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി ബി.ജെ.പി സംസ്ഥാന നേതാക്കൾ നടത്തിയ യോഗത്തിലും 2024 തന്നെയാണ് അജണ്ടയിലുണ്ടായത്. 40 ല്‍ 35 സീറ്റുകൾ നേടുക എന്നതാണ് ഈ യോഗത്തില്‍ തീരുമാനമായത്. ഛത്തീസ്‌ഗഡിലെ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങുന്ന ബി.ജെ.പി, കോൺഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തും ജാഗ്രതയോടെയുള്ള നീക്കത്തിനാണ് തുടക്കമിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയാണ് ഈ ശ്രമത്തിന് ആരംഭം കുറിച്ചത്.
'മഹാ ഓപറേഷന്‍ കമല'യ്‌ക്ക് ശേഷം ?:ബി.ജെ.പി ചില 'മാറ്റങ്ങൾ' വരുത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മധ്യപ്രദേശും ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്ര നിര്‍ദേശം ഏറ്റുപിടിച്ച് മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്രയില്‍ നടത്തിയെന്ന് പരക്കേ ആക്ഷേപമുള്ള 'ഓപറേഷന്‍ കമല'യ്‌ക്ക് ശേഷവും ഈ സംസ്ഥാന ഘടകത്തിലും ബി.ജെ.പി അഴിച്ചുപണി നടത്തുകയുണ്ടായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീൽ എന്ന മറാത്തക്കാരനെ മാറ്റി, പകരം ഒ.ബി.സിക്കാരനായ ചന്ദ്രശേഖർ ബവൻകുലെയെ സ്ഥാനത്തിരുത്തുകയുണ്ടായി. ഒ.ബി.സി വോട്ടുകള്‍ ചോര്‍ന്നുപോകാതെ 'സൂക്ഷിച്ചുവയ്‌ക്കുക' എന്ന തന്ത്രം കൂടി കാവി പാര്‍ട്ടിയുടെ മഹാരാഷ്‌ട്രയിലെ നീക്കത്തിനുപിന്നിലുണ്ട്.
പിളർപ്പിന്, ശേഷം ശിവസേന ദുർബലമായെങ്കിലും എൻ.സി.പി-കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തിയേക്കും. അതുംകൂടി ബി.ജെ.പി മുന്നില്‍ കാണുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ജൂലൈ മാസം ചില സംസ്ഥാന ഘടകങ്ങളില്‍ ചില നിയമനങ്ങൾ നടത്തിയിരുന്നു. ആർ.എസ്.എസ് നേതാവായ രാജേഷ് ജി.വിയെ കര്‍ണാടകയിലെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്‌ടാവായ അരുൺകുമാറിന് പകരമാണ് രാജേഷിനെ നിയോഗിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള മേഖല ജനറൽ സെക്രട്ടറി ആയിരുന്ന അജയ് ജാംവാൾ, ഇപ്പോൾ ബി.ജെ.പിയുടെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് ചുമതലയിലാണുള്ളത്. മന്ത്രി ശ്രീനിവാസുലുവിനെ (Manthri Srinivasulu) തെലങ്കാനയിൽ നിന്ന് ആം ആദ്‌മി പാര്‍ട്ടിയുടെ പഞ്ചാബിലേക്കും മാറ്റുകയുണ്ടായി. അവിടെ സംഘടന ജനറൽ സെക്രട്ടറിയായാണ് നിയോഗിച്ചത്. ഇങ്ങനെ ഓരോ സംസ്ഥാനത്തും മതവും ജാതിയും മറ്റ് സാഹചര്യങ്ങളും കൃത്യമായി നിരീക്ഷിച്ച് തന്ത്രപരമായാണ് കാവി പാര്‍ട്ടി കരുക്കള്‍ നീക്കുന്നത്. മുന്‍പേ സൂചിപ്പിച്ച 'എന്തുവിലകൊടുത്തും' 2024 പിടിക്കുക തന്നെയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വപ്‌ന പദ്ധതി.