ഹൈദരാബാദ് : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ ഫോണ്‍ ഹാക്ക് ചെയ്യുകയും സ്വകാര്യ ഫോട്ടോകൾ ശേഖരിച്ച് സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുകയും ചെയ്‌ത യുവാവ് പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയായ മോഹിത് പ്രതാപ് സിങ് കുശ്വാഹയാണ് (23) രചകൊണ്ട സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2018ലാണ് മേഡ്‌ചൽ ജില്ലയിലെ താമസക്കാരിയായ യുവതിയുമായി പ്രതി മോഹിത് പ്രതാപ് സിങ് സൗഹൃദം സ്ഥാപിക്കുന്നത്. ആര്യൻ ഖുഷ് എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അയാൾ പെണ്‍കുട്ടിയുമായി അടുത്തത്. ഉത്തർ പ്രദേശിലെ ബറേലിയിലെ ഒരു സ്‌കൂളിലാണ് യുവതി മുൻപ് പഠിച്ചിരുന്നത്. താനും ആ സ്‌കൂളിലാണ് പഠിച്ചത് എന്ന് കളവ് പറഞ്ഞ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഹാക്ക് ചെയ്യാൻ പഠിച്ചത് യൂട്യൂബിൽ നിന്ന് : ഇതിനിടെ ഇരുവരും പരസ്‌പരം മൊബൈൽ നമ്പറുകളും കൈമാറി. ഇതിനിടെ മൊബൈൽ ഫോണ്‍ എങ്ങനെ ഹാക്ക് ചെയ്യാം എന്ന് യൂട്യൂബിൽ നിന്ന് പഠിച്ച പ്രതി പെണ്‍കുട്ടിയുടെ നമ്പറിലേക്ക് ഒരു ലിങ്ക് അയക്കുകയും പെണ്‍കുട്ടി ആ ലിങ്ക് ക്ലിക്ക് ചെയ്‌തതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഫോണിൽ നിന്ന് പെണ്‍കുട്ടിയുടെ സ്വകാര്യ ഫോട്ടോകളും, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകളും പ്രതി ശേഖരിച്ചു.
ഇതിന് ശേഷം വീഡിയോ കോളിൽ എത്തണം എന്ന് പ്രതി പെണ്‍കുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെണ്‍കുട്ടി പതിയെ ഇയാളുമായി അകന്നു. ഇതോടെ സൗഹൃദം തിരികെ സ്ഥാപിച്ചില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്നുള്ള ഭീഷണിയുമായി ഇയാൾ എത്തി. ഇത് പെണ്‍കുട്ടി കാര്യമാക്കാതിരുന്നതോടെ ബ്ലേഡ് ഉപയോഗിച്ച് കൈമുറിക്കുന്നതുൾപ്പെടെയുള്ള വീഡിയോകൾ ഇയാൾ അയച്ചു കൊടുത്തുകൊണ്ടിരുന്നു.