ഭോപ്പാൽ :ദാരിദ്ര്യ നിർമാര്‍ജനത്തിലൂടെയും ബോധവത്കരണത്തിലൂടെയും ജനസംഖ്യ നിയന്ത്രിക്കാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പുതിയ ജനസംഖ്യ നിയന്ത്രണ ബില്‍ സംബന്ധിച്ചായിരുന്നു പ്രതികരണം.
വിദ്യാസമ്പന്നർക്ക് സാധാരണയായി രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകില്ല. ദാരിദ്ര്യ നിർമാര്‍ജനത്തിലൂടെയും ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെയും ജനസംഖ്യ നിയന്ത്രിക്കാൻ കഴിയും. 2000 ത്തിലാണ് ഞാൻ ഈ നയം ഉണ്ടാക്കിയത്. ഇരുപത്തിയൊന്ന് വർഷത്തിനുശേഷമാണ് ബിജെപിക്ക് ഇത് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ നിയന്ത്രണ ബില്ലനുസരിച്ച് രണ്ട് കുട്ടികൾ എന്ന നയം പിന്തുടരുന്ന ഏതൊരു ദമ്പതികൾക്കും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. സംസ്ഥാന നിയമ കമ്മിഷൻ നിർദിഷ്ട ജനസംഖ്യ ബില്ലിന്‍റെ ആദ്യ കരട് പുറത്തിറക്കിയിരുന്നു. ജൂലൈ 19നകം ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ നൽകാന്‍ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
Also read: സാഹസിക ടൂറിസ നയത്തിന് അംഗീകാരം നൽകി മഹാരാഷ്ട്ര സര്‍ക്കാര്‍
പണപ്പെരുപ്പം കാരണം പൊതുജനങ്ങൾ വളരെയധികം ദുരിതത്തിലാണ്. മുന്‍പ് ഇന്ധനവില നേരിയ തോതിൽ വർധിച്ചപ്പോൾ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ ഇന്ധന വില 110 രൂപ കടന്നു. ഡീസലിന്‍റെ വില 32.5 രൂപയും പെട്രോളിന് 33 രൂപയും വർധിച്ചു. ജനങ്ങളെ സർക്കാർ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.