ലഖ്‌നൗ:ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിത്, ഉന്നാവ്, ലഖിംപൂർ ഖേരി, റായ്ബറേലി, സീതാപൂർ, ബന്ദ, ഫത്തേപൂർ, ഹർദോയ്, ലഖ്‌നൗ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. ലഖിംപൂർ അടക്കം ആകെ 59 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ഉത്തർപ്രദേശ് നിയമമന്ത്രി ബ്രജേഷ് പഥക്, റായ്ബറേലിയിലെ സിറ്റിങ് എംഎൽഎ അദിതി സിങ്, എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് മുൻ ജോയിന്‍റ് ഡയറക്‌ടർ രാജേശ്വർ സിംഗ്, ഉന്നാവ് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ ആശാ സിംഗ് എന്നിവരുൾപ്പെടെ 624 സ്ഥാനാർത്ഥികൾ നാലാം ഘട്ട വോട്ടെടുപ്പിൽ വിധി തേടും.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിലെ പ്രധാന മത്സരാർഥികളിൽ നിയമമന്ത്രിയും ബിജെപി നേതാവുമായ ബ്രജേഷ് പഥക് ഉൾപ്പെടുന്നു, അദ്ദേഹം ലഖ്‌നൗ കന്‍റോൺമെന്‍റ് സീറ്റിൽ നിന്ന് ജനവധി തേടും. സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയും രണ്ട് തവണ മുനിസിപ്പൽ കോർപ്പറേറ്ററുമായിരുന്ന സുരേന്ദ്ര സിംഗ് ഗാന്ധിക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ നഗരവികസന മന്ത്രിയായ അശുതോഷ് ടണ്ടൻ ലഖ്‌നൗ ഈസ്റ്റിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് അനുരാഗ് ബദൗരിയയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
ലഖ്‌നൗവിലെ സരോജിനി നഗർ സീറ്റാണ് ബിജെപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ അടുത്ത അനുയായിയായ എസ്‌പി സ്ഥാനാർഥി അഭിഷേക് മിശ്രയ്‌ക്കെതിരെയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിലെ മുൻ ജോയിന്‍റ് ഡയറക്‌ടർ രാജേശ്വർ സിങ്ങ് മത്സരിക്കുന്നത്.
ALSO READ:യുപി തെരഞ്ഞെടുപ്പ് : ബിജെപി അധികാരം നിലനിർത്തിയാൽ ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറെന്ന് രാജ്‌നാഥ് സിങ്
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എം.എൽ.എ അദിതി സിംഗ് ബി.ജെ.പിയിൽ ചേർന്നതോടെ കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനീഷ് ചൗഹാനും സമാജ്‌വാദി പാർട്ടിയുടെ ആർപി യാദവുമാണ് അദിതി സിംഗിനെതിരായി മത്സരിക്കുന്നത്.
കഴിഞ്ഞ വർഷം വാഹനമിടിച്ച് നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ദേശീയ ശ്രദ്ധയാകർഷിച്ച ലഖിംപൂർ ഖേരിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിൽ പ്രതി. ശക്‌തമായ പോരാട്ടത്തിനാണ് ലഖിംപൂർ സാക്ഷ്യം വഹിക്കുന്നത്.
ബിജെപിയുടെ യോഗേഷ് വർമ ലഖിംപൂരിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. എസ്‌പിയുടെ ഉത്കർഷ് വർമ മധുര്, ബിഎസ്‌പിയുടെ മോഹൻ ബാജ്‌പേയ്, കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. രവിശങ്കർ ത്രിവേദി, എ.ഐ.എം.ഐഎമ്മിന്‍റെ ഉസ്‌മാൻ സിദ്ദിഖി, ആം ആദ്‌മി പാർട്ടിയുടെ ഖുഷി കിന്നർ എന്നിവർക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
നാലാം ഘട്ടത്തിൽ 13,817 പോളിംഗ് കേന്ദ്രങ്ങളിലയി 24,643 പോളിംഗ് ബൂത്തുകളുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും 1,250 വോട്ടർമാർ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 9 പൊലീസുകാരെയും 57 പൊതു നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്.
59 നിയോജക മണ്ഡലങ്ങളിൽ മൂന്ന് മണ്ഡലങ്ങളിലെ 590 പ്രദേശങ്ങളെ പ്രശ്‌നബാധിത മേഖലകളായി തരംതിരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര പോലീസ് സേനയുടെ (സിഎപിഎഫ്) 860 കമ്പനികളെ നാലാം ഘട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇൻസ്പെക്‌ടർമാരും സബ് ഇൻസ്പെക്‌ടർമാരുമടക്കം 7,022, കൂടാതെ 58,132 ഹെഡ് കോൺസ്റ്റബിൾമാരെയും കോൺസ്റ്റബിൾമാരെയും മറ്റ് സേനകൾക്കൊപ്പം വിന്യസിക്കും.
ഓരോ പോളിംഗ് സ്റ്റേഷനിലും അർദ്ധസൈനിക വിഭാഗത്തിന്‍റെ സാന്നിദ്ധ്യമുറപ്പാക്കുകയും ഇവിഎമ്മുകളുടെ സുരക്ഷ ഇവർക്ക് നൽകുകയും ചെയ്‌തിട്ടുണ്ട്. 115,725 പോളിംഗ് ഉദ്യോഗസ്ഥരെയും 5595 ഹെവി വാഹനങ്ങളും 5773 ചെറുവാഹനങ്ങളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.