ലക്നൗ :ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സാമൂഹ്യ മാധ്യമങ്ങളെ പ്രചാരണ ആയുധമാക്കി ബിജെപി. മത മൗലികവാദം മുതല്‍ ദേശീയ അന്തര്‍ദേശീയ തലത്തിലെ രാഷ്ട്രീയ മത സാഹചര്യങ്ങള്‍ വരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും അതുവഴി വോട്ട് നേടാനുമാണ് ശ്രമം.
അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തെ തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച ആയുധമാക്കാനാണ് ബിജെപി യുപിയില്‍ ഉപയോഗിക്കുന്നത്. താലിബാന്‍ ഭയം ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം സാധ്യമാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് അതിലൊന്ന്.
ബിജെപിയുടെ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് കരുത്തേകാനും അടിത്തട്ടില്‍ നിന്നുകൊണ്ട് പ്രചാരണങ്ങളെ ജനങ്ങള്‍ക്കിടയിലേക്ക് കടത്തിവിടാനും മാതൃസംഘടനായ രാഷ്ട്രീയ സ്വയം സേവക് സംഘവും ശക്തമായി പരിശ്രമിക്കുന്നു.
താലിബാനെ മതഭ്രാന്തിന്‍റെ ഉദാഹരണമായി ചിത്രീകരിച്ച് ഭീതി പടര്‍ത്തുക. ആ ഭീതി വോട്ടാക്കി നേട്ടം കൊയ്യുക, ഇതാണ് ബിജെപിയുടെ ഇത്തവണത്തെ തന്ത്രങ്ങളിലൊന്ന്. താലിബാനെ പൊതു ശത്രുവായി അവതരിപ്പിക്കുക വഴി ഹിന്ദുമത വിശ്വാസികളിലെ ജാതി സമവാക്യം പൊളിക്കുകയാണ് ആദ്യ ലക്ഷ്യം. അതിനൊപ്പം തന്നെ ഹിന്ദുത്വ ഏകീകരണം എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ഒരു ഏകീകരണം സാധ്യമായാല്‍ അത് അതുവഴി ഹിന്ദുത്വ വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് സമാഹരിക്കാമെന്ന് സ്വപ്നവും ബിജെപിക്കുണ്ട്. താലിബാന്‍ പോലുള്ള സംഘടനകളെ രാജ്യത്തേക്ക് കടന്നുവരാന്‍ അനുവദിക്കരുതെന്നും അതിനായുള്ള കരുതല്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം ബിജെപി പ്രചരിപ്പിക്കുന്നത്.
മോദിയേയും യോഗിയേയും ഉയര്‍ത്തിക്കാട്ടി പ്രചാരണം
രാഷ്ട്രീയമായ ഏത് ആക്രമണത്തേയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി നേരിടാന്‍ 1,918 ടീമുകളേയാണ് ബിജെപി ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. ഇതിനുപുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉയര്‍ത്തിക്കാട്ടാന്‍ പ്രത്യേക ടീമുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു.
പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ തത്സമയം നേരിടാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളിലും ബിജെപി തന്നെയാണ് മുന്നില്‍. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത്തരം ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകളില്‍ 35 ശതമാനവും താലിബാനെ കുറിച്ചുള്ളവയാണെന്നതാണ് മറ്റൊരുകാര്യം.
മോദിയേയും യോഗിയും ഹിന്ദുത്വത്തിന്‍റെ പ്രതീകങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇത്തരം ഗ്രൂപ്പുകള്‍ വഴി നടത്തുന്നുണ്ട്. ഇസ്ലാമിക ഭീകരതയ്ക്ക് ഏതിരായുള്ള ഏക ബദല്‍ യോഗിയും മോദിയും മാത്രമാണെന്ന തരത്തിലാണ് പ്രചാരണങ്ങള്‍.
വോട്ടെടുപ്പ് നടക്കുന്ന 1,15,000 ബൂത്തുകളിലും ബിജെപി തങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സജ്ജമാക്കി കഴിഞ്ഞു. പ്രാദേശിക നേതൃത്വത്തെ കൃത്യമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനായാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
2014 ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി സാമൂഹ്യ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിച്ച് തുടങ്ങിയത്. അന്ന് ഐടി സെല്ലിനെ ഉപയോഗിച്ചായിരുന്നു പാര്‍ട്ടിയുടെ സൈബര്‍ രംഗത്തെ ഇടപെടല്‍. ബിജെപിയുടെ യുപി സംസ്ഥാന ഘടകം മാത്രമായിരുന്നു ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്.
എന്നാല്‍ ഇന്നാകട്ടെ ഇന്ന് ദേശീയ തലത്തില്‍ തന്നെ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് വലിയ സംവിധാനങ്ങളുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ഐടി സെല്ലുകളാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നതെങ്കില്‍ ഇത്തവണ വലിയൊരു സാമൂഹ്യ മാധ്യമ സൈന്യത്തെ തന്നെ സൈബര്‍ പ്രചാരണത്തിനായി ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം.
ഘടകങ്ങളാക്കി തിരിച്ച് പ്രവര്‍ത്തനം
സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിന് കൃത്യമായ പ്ലാനിങ്ങാണ് പാര്‍ട്ടിക്കുള്ളത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് സാമൂഹ്യ മാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഒരു കൺവീനറേയും നാല് കോ-കൺവീനർമാരെയും പാര്‍ട്ടി നിയമിച്ചു. ഇവര്‍ക്ക് കീഴില്‍ സംസ്ഥാനത്തെ ആറ് ഘടകങ്ങളായി വിഭജിച്ചു ഉപ ഘടകങ്ങളുണ്ടാക്കി.
ഓരോ ഘടകത്തിനും ഒരു കൺവീനറെയും രണ്ട് കോ-കൺവീനർമാരെയും നല്‍കി.പാർട്ടിയുടെ 98 സംഘടനാജില്ലകളിലും 1,918 ഡിവിഷനുകളിലും ഒരു സംഘാടകനെയും രണ്ട് കോ-കൺവീനർമാരെയും സാമൂഹ്യ മാധ്യമ ഉപയോഗത്തിനായി നിയമിച്ചു.