ഗാസിയാബാദ് (ഉത്തര്‍പ്രദേശ്) : രാഹുല്‍ഗാന്ധിക്കെതിരെ വ്യാജപ്രചരണം നടത്തിയ കേസില്‍ ഛത്തീസ്‌ഗഡ് പൊലീസ് എത്തും മുന്‍പ് ടെലിവിഷന്‍ അവതാരകനെ നാടകീയമായി അറസ്റ്റുചെയ്‌ത് യുപി പൊലീസ്. സീ ന്യൂസ് ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ജീവനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സീ ന്യൂസ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് യു.പി പൊലീസിന്‍റെ വാദം.
ചൊവ്വാഴ്‌ച പുലര്‍ച്ചയോടെയാണ് രോഹിത് രഞ്ജനെ അറസ്റ്റുചെയ്യാന്‍ ഛത്തീസ്‌ഗഡ് പൊലീസ് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്. രാവിലെ അന്വേഷണസംഘം എത്തിയ വിവരം രോഹിത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയേയും പൊലീസിനെയും ടാഗ് ചെയ്‌ത് ട്വീറ്റ് ചെയ്‌തു. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് ഛത്തീസ്‌ഗഡ് പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്‍റ ആരോപണം.
എന്നാല്‍ വാറണ്ട് ഉള്ളപ്പോള്‍ ആരെയും അറിയിക്കേണ്ടതില്ലെന്നായിരുന്നു ഛത്തീസ്‌ഗഡ് പൊലീസ് ട്വീറ്റിന് നല്‍കിയ മറുപടി. അന്വേഷണത്തില്‍ സഹകരിക്കണം. താങ്കള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയാമെന്നും പൊലീസ് മറുപടി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് യുപി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.