പിലിഭിത്ത് : ഉത്തർപ്രദേശിലെ പിലിഭിത്തിൽ നവജാത ശിശുവിനെ ആശുപത്രിയുടെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. സിർസ ഗ്രാമത്തിൽ താമസിക്കുന്ന ഫർഹാൻ എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഇയാൾക്ക് ആണ്‍കുട്ടി വേണമെന്നതായിരുന്നു ആഗ്രമെന്നും എന്നാൽ മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദേഷ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.
പുരൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖങ്ക പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. എട്ട് വർഷം മുമ്പാണ് ഷാബോ എന്ന യുവതിയെ പ്രതി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ആദ്യത്തെ രണ്ട് മക്കളും പെണ്‍കുട്ടികളാണെന്നും അതിനാൽ തന്‍റെ കുടുംബത്തെ മുന്നോട്ട് നയിക്കാൻ ഒരു ആണ്‍കുട്ടി വേണമെന്നും ഫർഹൻ പറഞ്ഞിരുന്നതായാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്.
ഇതിനിടെ അഞ്ച് ദിവസം മുമ്പ് പ്രസവ വേദനയെ തുടർന്ന് ഷാബോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മെയ് 28 ന് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു. ഭാര്യ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഇയാൾക്ക് ഭാര്യയോടും നവജാത ശിശുവിനോടും ദേഷ്യമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ നവജാത ശിശുവിന് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി ഡോക്‌ടർമാർ കണ്ടെത്തി.
തുടർന്ന് വിദഗ്‌ധ ചികിത്സക്കായി കുഞ്ഞിനെ അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ കുഞ്ഞിനെ കാണാൻ ഇയാൾ ആശുപത്രിയിലേക്കെത്തി. പിന്നാലെ ഭാര്യ സഹോദരി സുനൈന കുഞ്ഞിനെ ഇയാളുടെ കൈകളിൽ ഏൽപ്പിച്ചു. എന്നാൽ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ രോക്ഷാകുലനായ ഫർഹാൻ കുഞ്ഞിനെ ആശുപത്രിയുടെ തറയിലേക്ക് വലിച്ചെറിയുകയായിരുന്നു.
വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വീട്ടുകാർ ചേർന്ന് ചികിത്സക്കായി ലഖ്‌നൗവിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഭാര്യയേയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.