ലക്‌നൗ:ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ 15 വയസുകാരനെ മുതല കടിച്ച് കൊന്നു. ദിവസങ്ങൾക്കു മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം ഭാഗികമായി ഭക്ഷിച്ച രീതിയിൽ ഖാഗ്ര നദിക്ക് സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്‍റെ അവസ്ഥയിൽ നിന്നും കുട്ടിയെ മുതല കടിച്ചുകൊന്നതാണെന്ന് സ്ഥിരീകരിച്ചു. മരിച്ച 15 വയസുകാരൻ കോട്‌വാലി സ്റ്റേഷൻ പരിധിയിലുള്ള സെമാർഖെഡ ഗ്രാമത്തിലെ ഓം പ്രകാശാണെന്ന് തിരിച്ചറിഞ്ഞു.
വെള്ളിയാഴ്‌ചയാണ് ഓം പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. നദിക്കരയിൽ കന്നുകാലിയെ കുളിപ്പിക്കുകയായിരുന്ന കുട്ടിയെ മുതല വെള്ളത്തിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ ദുധവ പ്രദേശത്ത് സമാനരീതിയിൽ ഒരാളെ മുതല കടിച്ചു കൊന്നിരുന്നു.