ലഖ്‌നൗ :2021-2030 കാലയളവിലേക്കുള്ള ജനസംഖ്യ നയം പുറത്തിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ചാണ് നടപടി. ജനനനിരക്ക് 2026ഓടെ 2.1 ആയും 2030ഓടെ 1.9 ആയും കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ജനസംഖ്യ നിയന്ത്രിക്കാന്‍ ബിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്ധ്യത പരിഹരിക്കാനുള്ള ശാസ്‌ത്രീയ മാർഗങ്ങൾ കൈക്കൊള്ളും. നവജാതശിശു മരണനിരക്ക് കുറയ്ക്കുന്നതിനും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കും. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളിലൂടെ ജനസംഖ്യയിൽ സ്ഥിരത കൈവരിക്കുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:കാണാമറയത്ത് 5721 കുട്ടികള്‍ ; സർക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
11 നും 19 നും ഇടയിൽ പ്രായമുള്ള കൗമാരക്കാക്കാര്‍ക്ക് പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് പുറമെ പ്രായമായവരുടെ പരിചരണത്തിനായി സമഗ്രമായ ക്രമീകരണങ്ങൾ നടത്താനും നയം ലക്ഷ്യമിടുന്നുണ്ട്.
പുതുതായി വിവാഹിതരായ ആളുകൾക്കിടയിൽ കുടുംബാസൂത്രണ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഷഗൂൺ കിറ്റുകൾ' അദ്ദേഹം വിതരണം ചെയ്‌തു.
മെഡിക്കൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജയ് പ്രതാപ് സിംഗ്, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്ന, മെഡിക്കൽ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുൽ ഗാർഗ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
2011 ലെ സെൻസസ് അനുസരിച്ച് ഉത്തർപ്രദേശിലെ ജനസംഖ്യ 20 കോടി ആയിരുന്നു, ഇത് നിലവിൽ 24 കോടിയോളം വരും. ജനസംഖ്യാവർധനവിന് ദാരിദ്ര്യവും നിരക്ഷരതയുമാണ് പ്രധാന ഘടകങ്ങളെന്ന് വ്യാഴാഴ്‌ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതുകൂടാതെ, അമേഠി, ഔരേയ, ബുലന്ദ്‌ഷഹർ, ബിജ്‌നോർ, മൗ, മഹോബ, കാസ്‌ഗഞ്ച്, ഡിയോറിയ, കുശിനഗർ, സോൺഭദ്ര, സിദ്ധാർഥനഗർ എന്നീ 11 ജില്ലകളിലായി 11 ആർടിപിസിആർ ലാബുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു.