ലക്‌നൗ (ഉത്തർപ്രദേശ്): മന്ത്രിമാര്‍ക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സന്ദർശിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അനുമതി നിഷേധിച്ച് യുപി സർക്കാർ. ലക്‌നൗവിൽ ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) 144-ാം വകുപ്പ് ചുമത്തിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അഞ്ചംഗ സംഘത്തിന്‍റെ സന്ദർശനം സംസ്ഥാന സർക്കാർ നിഷേധിച്ചത്.
വരാനിരിക്കുന്ന ആഘോഷങ്ങളും കർഷക പ്രതിഷേധങ്ങളും വിവിധ പ്രവേശന പരീക്ഷകളും കണക്കിലെടുത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നവംബർ എട്ട് വരെ സംസ്ഥാന തലസ്ഥാനത്ത് സെക്ഷൻ 144 പ്രാബല്യത്തിൽ തുടരുമെന്നാണ് സർക്കാരുടെ ഉത്തരവ്.
നേരത്തേ തൃണമൂൽ കോൺഗ്രസ് (ടിഎംസി), രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി) എന്നീ പാർട്ടി നേതാക്കൾക്ക് ചൊവ്വാഴ്‌ച ജില്ല സന്ദർശനം അനുവദിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും ഈ പ്രദേശം സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനുമതി തേടിയിരുന്നു. ലഖിംപൂർ ഖേരിയിൽ നടന്ന അക്രമ സംഭവത്തിന് പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കളാണ് സ്ഥലം സന്ദർശിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത്.
ALSO READ:പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ ; സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസ്
അതേസമയം നിരോധനാജ്ഞ നിലനില്‍ക്കുന്ന ലഖിംപൂര്‍ ഖേരിയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ചതിനാൽ പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസിലെ 11 പേർക്കുമെതിരെ യുപി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിനു പിന്നാലെ യാതൊരു ഉത്തരവോ എഫ്ഐആറോ ഇല്ലാതെ തന്നെ 40 മണിക്കൂറുകളായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു. ചൊവ്വാഴ്‌ചയാണ് പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുപിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്‌ച നടന്ന അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്.