ഷാംലി (ഉത്തര്‍പ്രദേശ്):പാകിസ്ഥാന്‍ ജയിലില്‍ തടവിലായിരുന്ന ഉത്തര്‍പ്രദേശ് കുടുംബത്തിന് മോചനം. യുപി ഷാംലി സ്വദേശി നഫീസ് അഹമ്മദിനെയും കുടുംബത്തേയുമാണ് പാകിസ്ഥാന്‍ വിട്ടയച്ചത്. ഒരുവര്‍ഷത്തിന് ശേഷമാണ് ഇവരുടെ മോചനം.
ഷാംലിയിലെ മൊഹല്ല നൗകു എന്ന സ്ഥലത്തെ താമസക്കാരനാണ് 70കാരനായ നഫീസ് അഹമ്മദ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇയാള്‍ ഭാര്യ അമ്‌ന, മകന്‍ കലീം എന്നിവര്‍ക്കൊപ്പം പാകിസ്ഥാനിലെ തന്‍റെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇവിടെ നിന്നുള്ള മടക്കയാത്രയ്‌ക്കിടെയാണ് ഇവരെ പാകിസ്ഥാന്‍ സുരക്ഷാസേന അറസ്റ്റ് ചെയ്‌തത്.
മടക്കയാത്രയ്‌ക്കിടെ വാഗാ അതിര്‍ത്തിയിലെ പരിശോധനയ്‌ക്കിടെ ഇവരില്‍ നിന്നും സുരക്ഷാസേന ഒരു പിസ്റ്റള്‍ കണ്ടെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് നഫീസിനൊപ്പം 65കാരിയായ ഭാര്യയേയും 35കാരനായ മകനെയും പാക് സേന കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം പാകിസ്ഥാന്‍ ജയിലിലായിരുന്ന കുടുംബത്തെ ഓഗസ്റ്റ് 12നായിരുന്നു പാക് സുരക്ഷാസേന ബിഎസ്എഫിന് കൈമാറിയത്.
അതിര്‍ത്തിയിലെ തുടര്‍ പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങുന്നത്. മടക്കയാത്രയ്‌ക്കായി ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌ത് നല്‍കിയിരുന്നതായി ഷാംലി എസ്‌പി നേരത്തെ അറിയിച്ചിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം പാക് ജയിലില്‍ നിന്നും മോചനം: അതിര്‍ത്തി ലംഘിച്ചതിന് പാക് ജയിലില്‍ തടവിലായിരുന്ന രാജസ്ഥാന്‍ സ്വദേശി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. രാജസ്ഥാന്‍ ബാഡ്‌മര്‍ സ്വദേശി ഗെമാര റാം മേഘ്‌വാളാണ് രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്തേക്ക് തിരികെ എത്തിയത്. ഫെബ്രുവരി 14ന് വാഗ അതിര്‍ത്തി വഴിയായിരുന്നു ഇയാള്‍ രാജ്യത്തേക്ക് തിരിച്ചെത്തിയത്.
ബാഡ്‌മറില്‍ നിന്നും 2020 നവംബറിൽ അതിര്‍ത്ത് കടന്ന് പോയ മേഘ്‌വാളിനെ സിന്ധ് പൊലീസായിരുന്നു പിടികൂടിയത്. പാകിസ്ഥാന്‍ ഹൈദരാബാദ് സിന്ധ് ഡിവിഷന്‍റെ തലസ്ഥാനമായ ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. മേഘ്‌വാളിന്‍റെ ജയിൽ മോചനം സംബന്ധിച്ചുള്ള വിവരം ബാഡ്‌മർ എംപി കൈലാഷ് ചൗധരി ആയിരുന്നു പുറത്തുവിട്ടത്.
Read More :പാക് ജയിലില്‍ നിന്നും മോചിതനായി യുവാവ്; രാജസ്ഥാന്‍ സ്വദേശി തിരിച്ചെത്തിയത് രണ്ട് വര്‍ഷത്തിന് ശേഷം
ഹൈദരാബാദ് സ്വദേശിയുടെ മടക്കം നാല് വര്‍ഷത്തിന് ശേഷം:അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്നെന്ന കേസില്‍ ജയിലിലായിരുന്ന ഹൈദരാബാദ് സ്വദേശി നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ പ്രശാന്ത് 2017ലായിരുന്നു പാകിസ്ഥാനിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചത്. തുടര്‍ന്ന് 2021ലായിരുന്നു ഇയാള്‍ ജയില്‍ മോചിതനായത്. സുഹൃത്തിനെ കാണാനായിട്ടായിരുന്നു ഇയാള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് എത്തിയത്.
Read More :നാല് വർഷത്തെ പാകിസ്ഥാൻ ജയിൽ വാസത്തിന് ശേഷം ഇന്ത്യൻ യുവാവിന് മോചനം