ഗോണ്ട :ഉത്തര്‍പ്രദേശിലെ സർക്കാർ ആശുപത്രിയിൽവച്ച് മരിച്ച നവജാത ശിശുവിന്‍റെ മുഖത്തിന്‍റെ പകുതി ഭാഗം മൃഗം ഭക്ഷിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ല മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. അന്വേഷണ സമിതി രൂപീകരിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഓഗസ്റ്റ് 28 ന് പുലര്‍ച്ചെ മരിച്ച കുട്ടിയുടെ മൃതദേഹം, പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് :ധനേപൂർ, ബച്ചായിപൂർ പ്രദേശത്തെ സിറാജ് അഹമ്മദ് - സൈറ ബാനോ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച (ഓഗസ്റ്റ് 27) രാത്രി 10 മണിയോടെയാണ് യുവതിയെ മുജെഹ്നയിലെ (Mujehna) കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയുണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട നവജാത ശിശുവിന് ഓക്‌സിജൻ നല്‍കാനായി കിടത്തണമെന്ന് പറഞ്ഞ് കുടുംബാംഗങ്ങളോട് വാര്‍ഡില്‍ നിന്നും പുറത്തിറങ്ങാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം :ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാർ നവജാത ശിശുവിനെ മറ്റൊരു വാർഡിലേക്ക് മാറ്റി. പിറ്റേ ദിവസം രാവിലെ കുഞ്ഞ് മരിച്ചതായി ആശുപത്രി ജീവനക്കാർ വീട്ടുകാരെ അറിയിച്ചു. കുഞ്ഞിന്‍റെ മൃതദേഹം ചെന്നുകണ്ടപ്പോൾ മുഖത്തിന്‍റെ ഒരു ഭാഗം മൃഗം കടിച്ചുതിന്ന നിലയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ അനാസ്ഥക്കെതിരെ യുവതിയുടെ സഹോദരൻ ഹാറൂൺ ധനേപൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) സഞ്ജയ് ഗുപ്‌തക്ക് പരാതി നല്‍കുകയായിരുന്നു.