ലക്‌നൗ : യു.പി നിയമസഭ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 75 ശതമാനം പോളിംഗ് നടന്ന കൈരാനയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പോളിംഗ്.
11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. പശ്ചിമ യുപിയിലെ ജാട്ടുകള്‍ക്ക് സ്വാധീനമുള്ള നിയോജക മണ്ഡലങ്ങള്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വര്‍ഷത്തിലധികം ഡല്‍ഹി അതിര്‍ത്തിയില്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളില്‍ വലിയൊരു വിഭാഗം ജാട്ട് വിഭാഗക്കാരും അണിനിരന്നിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണത്തെ ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പശ്ചിമ യുപിയിലെ ജാട്ടുകളുടെ പിന്തുണ വലിയൊരളവില്‍ ബിജെപിക്ക് ലഭിച്ചിരുന്നു. കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവന്നതിലെ അമര്‍ഷം ജാട്ടുകള്‍ക്ക് ഇപ്പോഴും തങ്ങളോട് ഉണ്ടോ എന്നുള്ള ചോദ്യം ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്.
623 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടിയത്. 2.27 കോടി വോട്ടര്‍മാര്‍ക്കായിരുന്നു ഒന്നാംഘട്ടത്തില്‍ സമ്മതിദാനാവകാശം. നോയിഡ, കൈരാന, മീററ്റ് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞടുപ്പ് ഒന്നാംഘട്ടത്തില്‍ നിര്‍ണായകമാണ്.