ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട പോളിങ്ങില്‍ ഇതുവരെ 15 ശതമാനം വോട്ടിങ്. 12 ജില്ലകളിലായി 61 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പടെ 692 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
അമേഠി, റായ്ബറേലി, അയോധ്യ (ഫൈസാബാദ്), സുൽത്താൻപൂർ, ചിത്രകൂട്, പ്രതാപ്‌ഗഡ്, കൗശാംബി, പ്രയാഗ്‌രാജ് (അലഹബാദ്), ബരാബങ്കി, ബഹ്‌റൈച്ച്, ശ്രാവസ്‌തി, ഗോണ്ട എന്നി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൗശാംബി ജില്ലയിലെ സിറത്തുവിൽ നിന്ന് മത്സരിക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖരിലൊരാള്‍. അപ്‌നാ ദൾ സ്ഥാനാർത്ഥി പല്ലവി പട്ടേലിനെയാണ് മൗര്യ നേരിടുന്നത്.
അലഹബാദ് വെസ്റ്റിൽ നിന്നുള്ള സിദ്ധാർഥ് നാഥ് സിങ്, പ്രതാപ്‌ഗഡില്‍ നിന്ന് രാജേന്ദ്ര സിങ്, അലഹബാദ് സൗത്തിൽ നിന്ന് നന്ദ് ഗോപാൽ ഗുപ്‌ത നാഡി, ഗോണ്ടയില്‍ നിന്ന് രമാപതി ശാസ്‌ത്രി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആരാധന മിശ്രയും ജനവിധി തേടുന്നുണ്ട്.