ലഖ്‌നൗ:മെയിന്‍പൂരി ലോക്‌സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2,40,322 വോട്ടുകള്‍ക്കാണ് ഡിംപിള്‍ യാദവ് ബിജെപിയുടെ രഘുരാജ് സിങ് ഷാക്കിയെ പരാജയപ്പെടുത്തിയത്. സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനും ഡിംപിള്‍ യാദവിന്‍റെ ഭര്‍തൃപിതാവുമായ മുലായം സിങ് യാദവ് പ്രതിനിധീകരിച്ചതായിരുന്നു മെയിന്‍പുരി ലോക്‌സഭ മണ്ഡലം. അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്നാണ് മെയിന്‍പൂരിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
മുലായം സിങ്ങിന്‍റെ സഹോദരന്‍ ശിവപാല്‍ സിങ് യാദവിന്‍റെ അടുത്ത അനുയായി ആയിരുന്നു മെയിന്‍പൂരിയിലെ ബിജെപി സ്ഥാനാര്‍ഥില രഘുരാജ് സിങ് ഷാക്കിയ. ഈ വര്‍ഷം നടന്ന യുപി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തൊട്ടുമുമ്പാണ് ഷാക്കിയ ബിജെപിയില്‍ ചേരുന്നത്. ശിവപാല്‍ സിങ് യാദവ് അഖിലേഷ് യാദവുമായി തെറ്റിപ്പിരിഞ്ഞ് പ്രകൃതിശീല്‍ സമാജ്‌വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം വന്ന ഉടനെ തന്‍റെ പാര്‍ട്ടി അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിച്ചതായി ശിവപാല്‍ യാദവ് പ്രഖ്യാപിച്ചു.
ഖതൗലി ബിജെപിയില്‍ നിന്ന് ആര്‍എല്‍ഡി പിടിച്ചെടുത്തു:യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡി യുപിയിലെ ഖതൗലി നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. ആര്‍എല്‍ഡിയുടെ മദൻ ഭയ്യ ബിജെപിയുടെ രാജ്‌കുമാരി സൈനിയെ 22,165 വോട്ടുകള്‍ക്കാണ് പരാജപ്പെടുത്തിയത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ആര്‍എല്‍ഡി പിടിച്ചെടുത്തത്.
വിക്രം സിങ് സൈനിയായിരുന്നു ഖതൗലിയിലെ എംഎല്‍എ. എന്നാല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വിക്രം സിങ് അയോഗ്യനാവുകയായിരുന്നു. വിക്രം സിങ്ങിന്‍റെ ഭാര്യയാണ് പരാജയപ്പെട്ട രാജ്‌കുമാരി സൈനി.
രാപൂരില്‍ എസ്‌പിക്ക് തിരിച്ചടി: രാംപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ബിജെപിയുടെ ആകാശ് സക്‌സേന സാമാജ്‌വാദി പാര്‍ട്ടിയുടെ അസിംരാജയെ 33,702 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ മുസ്ലീം മുഖമായിരുന്ന അസം ഖാന്‍ പ്രതിനിധികരിച്ച മണ്ഡലമാണ് രാംപൂര്‍. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കുപ്പെട്ടതിനെ തുടര്‍ന്ന് അസം ഖാന്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാംപൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വോട്ടിങ് ശതമാനം കുറവ്:54.01 ശതമാനം വോട്ടിങ്ങാണ് മെയിന്‍പൂരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഖതൗലി അസംബ്ലി മണ്ഡലത്തില്‍ 56.46 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. രാംപൂരില്‍ 33 ശതമാനം മാത്രമാണ് വോട്ടിങ് രേഖപ്പെടുത്തിയത്.
ഈയിടെ നടന്ന അസംഗഡ്, രാംപൂര്‍ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ട സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ആര്‍എല്‍ഡിക്കും ഈ ഉപതെരഞ്ഞെടുപ്പുകള്‍ പ്രധാനമായിരുന്നു. അസംഖാന്‍റെ ശക്തികേന്ദ്രമായ രാംപൂര്‍ അസംബ്ലി മണ്ഡലം ബിജെപി പിടിച്ചെടുത്തത് സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടിയായപ്പോള്‍ മുലായം സിങ് യാദവ് വര്‍ഷങ്ങളായി പ്രതിനിധീകരിച്ചിരുന്ന മെയിന്‍പൂരി മണ്ഡലത്തിലെ വന്‍വിജയവും ഖതൗലി മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതും സമാജ്‌വാദി പാര്‍ട്ടി ആര്‍എല്‍ഡി സംഖ്യത്തിന് നേട്ടമായി. യുപിയിലെ ഈ ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നും കോണ്‍ഗ്രസ് മല്‍സരരംഗത്ത് ഉണ്ടായിരുന്നില്ല.