ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ സുപ്രധാന യോഗം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രകടന പത്രിക യോഗത്തിൽ ചർച്ചയാകും.
ശനിയാഴ്‌ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 58 സീറ്റുകളിൽ 57 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളിൽ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ശനിയാഴ്‌ച ബിജെപി പ്രഖ്യാപിച്ചിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലെ ബാക്കിയുള്ള എട്ട് സ്ഥാനാർഥികളെയും യോഗത്തിൽ ചർച്ച ചെയ്‌ത് തീരുമാനിക്കും. ശേഷിക്കുന്ന സ്ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും.
ഏഴ് ഘട്ടങ്ങളിലായി ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3 എന്നീ തീയതികളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുക. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക ജനുവരി 19ന് പ്രഖ്യാപിക്കുമെന്ന് ഡൽഹിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിങ്കളാഴ്ച പുലർച്ചെ ഗോവ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയിലെ 40 നിയമസഭ സീറ്റുകളിൽ 38 സീറ്റുകളിലാണ് ഇത്തവണ ബിജെപി മത്സരിക്കുക. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള 2 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം.
Also Read: കൊവിഡ് കണക്കിൽ നേരിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 2.58 ലക്ഷം രോഗികൾ