കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതാൻ 58 മണ്ഡലങ്ങൾ - ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്

11 ജില്ലകളിലെ 58 മണ്ഡലങ്ങളിൽ രാവിലെ ഏഴ്‌ മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.

Uttar Pradesh election 2022 Phase 1  UP Election 2022 Phase 1 Voting begins  Uttar Pradesh assembly elections  UP elections  ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  യുപി തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പോളിങ്
ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 58 മണ്ഡലങ്ങൾ വിധിയെഴുതും

By

Published : Feb 10, 2022, 8:38 AM IST

ലഖ്‌നൗ:ഉത്തർ പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജാട്ട് സമുദായത്തിന് കൂടുതൽ സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ശാംലി, ഹാപൂർ, ഗൗതം ബുദ്ധ നഗർ, മുസഫർനഗർ, മീററ്റ്, ഭാഗ്‌പറ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ്, മഥുര, ആഗ്ര എന്നീ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്.

പടിഞ്ഞാറൻ യുപിയിലെ 2.27 കോടി വോട്ടർമാർ 623 സ്ഥാനാർഥികളിൽ നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുക്കും. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത് ജാട്ട് സമുദായത്തിൽപ്പെട്ട കർഷകരാണ്. ഇവർക്ക് വൻ സ്വാധീനമുള്ള പ്രദേശമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്.

നോയിഡയിൽ ശക്തമായ പോരാട്ടം

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ മകൻ പങ്കജ്‌ സിങ്ങാണ് നോയിഡയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പൻഖുരി പധക്കിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണ രംഗത്ത് സജീവമായിരുന്നു. ബിഎസ്‌പി സ്ഥാനാർഥിയായി കൃപാറാം ശർമ്മയും എസ്‌പി സ്ഥാനാർഥിയായി സുനിൽ ചൗധരിയും നോയിഡയിൽ നിന്ന് ജനവിധി തേടുന്നു.

'ഹിന്ദുഗർദി' പരാമർശം

മീററ്റിൽ നിന്ന് എസ്‌പി സ്ഥാനാർഥിയായി മത്സരിക്കുന്ന റഫീഖ്‌ അൻസാരിയുടെ 'ഹിന്ദുഗർദി' പരാമർശം വൻ വിവാദമായിരുന്നു. മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി കമൽ ദത്ത് ശർമയും കോൺഗ്രസ് സ്ഥാനാർഥിയായി രഞ്ചൻ ശർമയും ബിഎസ്‌പി സ്ഥാനാർഥിയായി മുഹമ്മദ്‌ ദിൽഷദും ജനവിധി തേടുന്നു.

കൈറാന നിയമസഭ മണ്ഡലം

'ഹിന്ദുക്കളുടെ കുടിയേറ്റമെന്ന' ബിജെപിയുടെ പ്രചാരണത്തെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച മണ്ഡലമാണ് കൈറാന. ഇവിടെ നിന്ന് എസ്‌പി സ്ഥാനാർഥിയായി നാഹിദ്‌ ഹസനും ബിജെപി സ്ഥാനാർഥിയായി മൃഗങ്ക സിങ്ങും ജനവിധി തേടുന്നു.

ആഗ്ര റൂറൽ മണ്ഡലം

ആഗ്ര റൂറൽ സീറ്റിൽ എസ്‌.പി സ്ഥാനാർഥിയായി മഹേഷ്‌ കുമാർ ജാദവും ബിജെപി സ്ഥാനാർഥിയായി ബേബി റാണി മൗര്യയും മത്സരിക്കുന്നു. മുൻ ഉത്തരാഖണ്ഡ് ഗവർണറും മുതിർന്ന ബിജെപി നേതാവുമാണ് ബേബി റാണി മൗര്യ. കോൺഗ്രസ് സ്ഥാനാർഥിയായി ഉപേന്ദ്ര സിങ്ങും ബിഎസ്‌പി സ്ഥാനാർഥിയായി കിരൺ പ്രഭ കേസരിയും ജനവിധി തേടുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് പടിഞ്ഞാറൻ യുപി മേഖലയിൽ വൻ സുരക്ഷ സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി 50,000 ത്തോളം അർധസൈനികരെയും 412 കമ്പനി കേന്ദ്ര പാരാമിലിട്ടറി സേനയെയും വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വാഹന പരിശോധനകൾ ഉൾപ്പടെ കർശനമാക്കി. 403 അംഗ ഉത്തർ പ്രദേശ് അസംബ്ലിയിൽ ഏഴ്‌ ഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

READ MORE:ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച : തെരഞ്ഞെടുപ്പ് 58 മണ്ഡലങ്ങളിൽ

ABOUT THE AUTHOR

...view details