മുസാഫർനഗർ :ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവാവിന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്‌തത് 63 സ്റ്റീൽ സ്‌പൂണുകൾ. ഉത്തര്‍പ്രദേശിലെ മുസാഫർനഗറിനടുത്ത ഭോപഡയിലാണ് സംഭവം. ചൊവ്വാഴ്‌ചയാണ് (സെപ്റ്റംബര്‍ 27) ശസ്‌ത്രക്രിയയിലൂടെ മൻസൂർപൂർ ഭോപഡ സ്വദേശി വിജയ്‌യുടെ വയറ്റില്‍ നിന്നും സ്‌പൂണുകള്‍ നീക്കം ചെയ്‌തത്.
യുവാവിന്‍റെ ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചതോടെയാണ് കുടുംബം യുവാവിനെ ഷാംലിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അവിടെയെത്തി ഒരു മാസത്തിന് ശേഷം യുവാവിന്‍റെ ആരോഗ്യനില വഷളായി. തുടർന്ന് മുസാഫർ നഗറിലെ ഭോപ റോഡിലുള്ള ഇവാൻ മൾട്ടി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്‌പൂണുകള്‍ കണ്ടെത്തുന്നതും തുടർന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയതും. പിന്നാലെ, ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മകനെ കൊണ്ട് ജീവനക്കാർ നിര്‍ബന്ധപൂര്‍വം സ്‌പൂണുകള്‍ വിഴുങ്ങിപ്പിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണം യുവാവിന്‍റെ കുടുംബം ഉയര്‍ത്തി.
അതേസമയം ഇതുസംബന്ധിച്ച പരാതി പൊലീസിന് നൽകിയിട്ടില്ലെന്നാണ് വിവരം. യുവാവിന്‍റെ വയറ്റിൽ സ്‌പൂണുകള്‍ എങ്ങനെ എത്തിയെന്ന് ഒരു സൂചനയും ഡോക്‌ടർമാര്‍ക്ക് ലഭിച്ചിട്ടില്ല. കുടുംബം ആരോപണം ഉയര്‍ത്തിയെങ്കിലും യുവാവ് ഈ വിഷയത്തിൽ പ്രതികരിക്കുകയോ മൊഴി നൽകുകയോ ചെയ്‌തിട്ടില്ലെന്ന് മന്‍സൂര്‍പുര്‍ പൊലീസ് അറിയിച്ചു.