ലഖ്‌നൗ: ഉത്തർ പ്രദേശിൽ വീണ്ടും ബിജെപി ഭരണത്തിലേറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സില്ല ജില്ല പഞ്ചായത്ത് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ 75ൽ 67 സ്ഥലങ്ങളിലും ബിജിപി അധികാരത്തില്‍ എത്തിയെന്നും അതിനാല്‍ സംസ്ഥാനത്ത് വീണ്ടും ബിജെപി ഭരണത്തിൽ കയറുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസദുദ്ദീൻ ഉവൈസി രാജ്യത്തെ വലിയ നേതാവാണെന്നും അദ്ദേഹത്തിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും എന്നാൽ വിജയം ബിജെപിക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 100 സീറ്റുകൾ നേടുമെന്ന് ജൂൺ 27ന് ഉവൈസി അഭിപ്രായപ്പെട്ടിരുന്നു. വികസനം, പൊതുസേവനം, നിയമവാഴ്ച എന്നിവയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് സില ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.